കൊച്ചി: റിയാലിറ്റി ഷോ ഷൂട്ടിനിട സ്റ്റുഡിയോയിൽ വെച്ച് തന്നെ മർദ്ദിക്കുകയും ക്യാമറ തകർക്കുകയും ചെയ്‌തെന്ന മുൻ സോഷ്യൽ മീഡിയ മാനേജരുടെ ആരോപണങ്ങൾ തള്ളി ഹാസ്യതാരം ബിനു അടിമാലി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിനു പറഞ്ഞു.സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷാണ് ബിനു അടിമാലിക്ക് എതിരെ രംഗത്തെത്തിയത്.
ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമന്റുകൾക്കും കാരണം താനാണെന്ന് ആരോപണം ഉയർത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിച്ചത്. ബിനുവിനെതിരേ ജിനേഷ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിൽ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചതും തന്റെ ചീത്തപ്പേര് മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്.
അതേസമയം, ‘ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വെച്ച് ഒരാളെ ഇടിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനൽ പരിപാടിക്ക് എടുക്കുമോ. ആ മാനസികാവസ്ഥയിൽ കോമഡി ചെയ്യാനാകുമോ. കഴിഞ്ഞ ദിവസം കൂടി ചാനലിൽ പരിപാടി ചെയ്തു.’- എന്നാണ് ബിനു അടിമാലി പറയുന്നത്.
അത്രയും ഭയാനകമായ പ്രശ്‌നം നടന്നെങ്കിൽ ആ ചാനൽ തനിക്കെതിരെ കേസ് എടുക്കില്ലേ .ഇയാളുടെ പരാതിയിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വിളിച്ചിരുന്നു. മർദ്ദനം ഏറ്റെന്ന് പറയുന്ന വ്യക്തിയുടെ മെഡിക്കൽ റിപ്പോർട്ടിൽ യാതൊരു കുഴപ്പവും പോലീസ് കണ്ടില്ല. പൊട്ടിച്ചുവെന്ന് പറയുന്ന ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ലെന്നും കണ്ടു. അയാൾ ക്യാമറ വാങ്ങി പോയി അന്ന് മുതൽ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ടെന്നും ബിനു അടിമാലി വ്യക്തമാക്കി.
ALSO READ- കേരളാ-തമിഴ്‌നാട് അതിർത്തിയിലും കാട്ടാന ആക്രമണം രൂക്ഷം; ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം
മരിച്ചു പോയ സുധിയുടെ വീട്ടിൽ പോയി താൻ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. പുള്ളി പറയുന്നതൊക്കെ കേട്ട് ഞെട്ടിപ്പോയി. താനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് തനിക്ക് തന്നെ വിഷമം തോന്നി. അന്നം നൽകുന്ന ക്യാമറ തല്ലിപ്പൊളിക്കണമെങ്കിൽ താൻ വല്ല സൈക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാൻ വേണ്ടി പറയുന്നതാണെന്നും ബിനു അടിമാലി പറഞ്ഞു. പലപ്പോഴായി ഈ വ്യക്തി തന്റെ കയ്യിൽനിന്നു പണം കടം വാങ്ങിയതിന്റെ തെളിവ് പക്കലുണ്ടെന്നും ബിനു അടിമാലി വിശദീകരിച്ചു.