സാരി പ്രിയർക്ക് നവ്യ നായരുടെ പ്രിയപ്പെട്ട സാരികൾ സ്വന്തമാക്കാം; അവസരമൊരുക്കി താരം

മലയാളികളുടെ പ്രിയ നായിക നവ്യാ നായർ ഒരിടവേളയ്ക്ക് ശേഷം കലാരംഗത്ത് സജീവമാവുകയാണ്. നൃത്ത ക്ലാസുകളും സിനിമാ അഭിനയവുമായി താരം സജീവമാവുകയാണ്. വസ്ത്രധാരണത്തിലും ആഭരണങ്ങളുടെ സെലക്ഷനിലുമെല്ലാം യുവനടിമാരെ വെല്ലുന്നതാണ് നവ്യയുടെ ഫാഷൻ സെൻസ്. മോഡേൺ, നാടൻ ഔട്ട്‌ലുക്കുകളിൽ ഒരു പോലെ തിളങ്ങുന്ന നവ്യ ഇപ്പോഴിതാ മറ്റ് താരങ്ങൾക്കും മാതൃകയാക്കാവുന്ന പുതിയൊരു ഐഡിയയും കൊണ്ട് വന്നിരിക്കുകയാണ്.

നവ്യയ്ക്ക് ധാരാളം സാരി കളക്ഷനുകൾ ഉണ്ട്. ഒരു തവണ മാത്രം ഉപയോഗിച്ച് വാർഡ്‌റോബിൽ ഇരിക്കുന്ന ഈ സാരികൾക്ക് ഒരു മോചനം നൽകാൻ ആഗ്രഹിക്കുകയാണ് താരം. ഈ സാരികൾ മറ്റുള്ളവർക്കും സ്വന്തമാക്കാൻ ഒരവസരം ഒരുക്കിയിരിക്കുകയാണ് നവ്യ നായർ.

ഏതാനും ദിവസങ്ങൾക്ക് മുൻപ് താൻ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ തന്നെയാണി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ തന്റെ സാരികൾ വിൽക്കാനാണ് നവ്യ തയ്യാറെടുക്കുന്നത്. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും നടി ആരംഭിച്ചിട്ടുണ്ട്.

ALSO READ-അശ്ലീല ഉള്ളടക്കമുള്ള സിനിമകളും ഹ്രസ്വ ചിത്രങ്ങളും; യെസ്മ ഉൾപ്പടെ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്ര സർക്കാർ

നിലവിൽ ആറ് സാരികളാണ് താരം വിൽപ്പനയ്ക്കായി ഡിസ്‌പ്ലെ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിനൻ സാരികളും ബനാറസ് സാരികളുമാണ്. ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപാ നിരക്കിലും ബനറസ് സാരികൾക്ക് 4500 മുതലുമാണ് വില തുടങ്ങുന്നത്. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടി കൂടും. ആദ്യം വരുന്നവർക്കാകും പരിഗണന എന്ന് നവ്യ നായർ അറിയിച്ചിട്ടുണ്ട്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങാനെന്നും താരം അറിയിക്കുന്നു.

Exit mobile version