പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകനും സിനിമാതാരവുമായ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയായിരുന്നു മരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനംചെയ്ത അരസി എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് സംവിധായകനെ മരണം തേടിയെത്തിയത്.
ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. 1978-ൽ പുറത്തിറങ്ങിയ സ്‌നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 200-ലേറെ ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.
പിന്നീട് 2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തെത്തിയത്. ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റുചിത്രങ്ങൾ. 2020-ലെ ബിഗ് ബോസ് സീസൺ -4 മത്സരാർത്ഥിയുമായിരുന്നു.
നടി കാവേരിയാണ് സൂര്യകിരണിന്റെ മുൻഭാര്യ. വിവാഹമോചനത്തിന് ശേഷം പൊതുവേദികളിൽ നിന്നും മാറി നിന്നിരുന്ന അദ്ദേഹം പിന്നീട് ബിഗ് ബോസിലൂടെയാണ് തിരികെ എത്തിയത്. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി.