ലൊസാഞ്ജലീസ്: 96-ാമത് ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്കറില് ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന് ചിത്രം ഓപ്പന്‍ഹൈമര്‍. ചിത്രത്തിന്റെ സംവിധായകന് ക്രിസ്റ്റഫര്‍ നോളന് മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ഒപ്പന്‍ഹൈമറെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്കാരവും പുവര്‍ തിങ്സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയുമായി. പതിമൂന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ഒപ്പന്‍ഹൈമര്‍ ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്കാരവും നേടി.
മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച സിനിമറ്റോഗ്രാഫി, മികച്ച എഡിറ്റിങ്, മികച്ച സഹനടന്‍ എന്നീ വിഭാഗത്തിലാണ് ഒപ്പന്‍ഹൈമര്‍ തിളങ്ങിയത്. ക്രിസ്റ്റഫര്‍ നോളന് ആദ്യമായി ഓസ്കറില് മുത്തമിട്ടു എന്ന പ്രത്യേകതയും ഇത്തവണത്തെ അക്കാദമി അവാര്‍ഡിനുണ്ട്. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന് ജെ. റോബര്‍ട്ട് ഒപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്.
ഓപ്പണ്‍ഹൈമറിന് പിന്നാലെ നാല് പുരസ്കാരങ്ങളുമായി രണ്ടാം സ്ഥാനം പിടിച്ചിരിക്കുന്നത് പുവര്‍ തിങ്സ് എന്ന ചിത്രമാണ്. മികച്ച നടി, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മേക്കപ്പ്-ഹെയര്‍സ്റ്റൈല്‍, കോസ്റ്റ്യൂം ഡിസൈന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരം നേടിയത്. ഗോര്‍ഡന്‍ ഗ്ലോബ്സിലും ബാഫ്റ്റയിലും തിളങ്ങിയ ബാര്‍ബിയ്ക്ക് മികച്ച ഗാനം എന്ന വിഭാഗത്തില്‍ മാത്രമാണ് അക്കാദമി പുരസ്കാരം സ്വന്തമാക്കാന്‍ സാധിച്ചത്.
ദ ഹോള്‍ഡോവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയായി ഡെ വൈന്‍ ജോയ് റാന്‍ഡോള്‍ഫ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ചിത്രമായി ദ സോണ്‍ ഓഫ് ഇന്ററസ്റ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post