സോഷ്യൽമീഡിയയിൽ ഈയടുത്ത് വൈറലായ താരങ്ങൾ കമന്റ് ചെയ്താൽ പഠിക്കുമെന്ന ട്രെൻഡിനെ വിമർശിച്ച് നടനും ഗായകനുമായ സിദ്ധാർത്ഥ്. പഠനം മാത്രമല്ല, യാത്ര ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം സെലിബ്രിറ്റികൾ കമന്റ് ചെയ്താലേ ചെയ്യൂ എന്നാണ് ചിലർ ഇൻസ്റ്റാഗ്രാമിലെ റീൽസിലൂടെ പറയുന്നത്. പുതിയ ഈ ട്രെൻഡ് സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു.
തങ്ങളെ മെൻഷൻ ചെയ്യുന്ന റീൽസുകിൽ പോയി കമന്റ് ചെയ്യുന്നത് സെലിബ്രിറ്റകളും ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തെ വിമർശിക്കുന്ന റീൽസുമായി സിദ്ധാർത്ഥ് രംഗത്തെത്തിയത്.
ഈ ട്രെൻഡ് വിഡ്ഢിത്തമാണെന്നും പരീക്ഷക്ക് ജയിക്കണമെന്നുണ്ടെങ്കിൽ സോഷ്യൽ മിഡിയ ഓഫാക്കി പോയിരുന്നു പഠിക്കൂ എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം വിമർശിച്ചത്. ‘വിഡ്ഢിത്തമാണ് ഈ ട്രെൻഡ്. നിങ്ങളുടെ പോസ്റ്റിന് കമൻറ് ചെയ്യാൻ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാർത്ഥ്’ പറയുന്നു.
‘സിദ്ധാർത്ഥ് ഈ വിഡിയോയിൽ കമന്റ് ഇട്ടാലേ ഞാൻ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയിൽ ജയിക്കണമെന്നുണ്ടെങ്കിൽ സോഷ്യൽ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ’- സിദ്ധാർത്ഥ് പറയുന്നു.
ഇത്തരത്തിലുള്ള ഇൻസ്റ്റഗ്രാം ആരാധകരുടെ വിഡിയോയിൽ വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന, ഷാരൂഖ് ഖാൻ, വിജയ്, ടൊവിനോ, നിഖില വിമൽ, നസ്ലിൻ, ബേസിൽ ജോസഫ് തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയിരുന്നത്.
Discussion about this post