തിരുവനന്തപുരം: ദിലീപ് സിനിമ ബാന്ദ്രയ്ക്ക് റിലീസ് ദിനത്തിൽ തന്നെ നെഗറ്റീവ് റിവ്യൂ നൽകിയ യൂട്യൂബ് വ്ലോഗർമാർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനു നിർദേശം. പൂന്തുറ പോലീസിനോടാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചത്.
സിനിമ റിലീസ് ചെയ്ത് അര മണിക്കൂറിനുള്ളിൽ നെഗറ്റീവ് റിവ്യൂ പബ്ലിഷ് ചെയ്തെന്നാണ് നിർമാതാക്കളുടെ പരാതി. ദിലീപും തമന്നയും നായികാനായകൻമാരായി അഭിനയിച്ച ചിത്രം തിയേറ്ററിൽ പരാജയമായിരുന്നു.
ചിത്രം കഴിഞ്ഞ വർഷം നവംബർ 10-നാണ് റിലീസ് ചെയ്തത്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിനു മുൻപ് വ്ലോഗർമാർ നെഗറ്റീവ് പരാമർശവുമായി എത്തിയെന്നും പരാതിയിലുണ്ട്.
മൂന്നുദിവസംകൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്. സിനിമാ വ്യവസായത്തെ തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്നായിരുന്നു സിനിമാ നിർമാതാക്കളായ വിനായക ഫിലിംസിന്റെ ആരോപണം.
ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Also read- യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ഇരു കൈയ്യും മുറിഞ്ഞു തൂങ്ങി, ഭര്‍ത്താവിന് ജീവപര്യന്തം
യൂട്യൂബ് വ്‌ലോഗര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ലോഗ്‌സ്, ഷാൻ മുഹമ്മദ്, അർജുൻ, ഹിജാസ് ടാക്‌സ്, സായികൃഷ്ണ എന്നിവരെ പ്രതികൾ ആക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.