ചെന്നൈ: ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മഞ്ഞുമ്മല്‍ ബോയ്സ്’ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കിയതാണ് ചിത്രം. 2006 ല്‍ നടന്ന സംഭവമാണ് ചിത്രം പറയുന്നത്.
പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ കൊടൈക്കനാലിലെ ഗുണ ഗുഹയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ചെന്നൈയിലുള്ള കമലിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടികാഴ്ച. ‘ഇതാണ് ക്ലൈമാക്സ്’ എന്ന കുറിപ്പോടെ സംവിധായകന്‍ ചിദംബരം കമല്‍സാഹനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഗുണയെക്കുറിച്ചായിരുന്നു ചിദംബരം കമല്‍ ഹാസനോട് ചോദിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരു മാസ്റ്റര്‍ ക്ലാസ് ആയിരുന്നുവെന്ന് ചിദംബരം പറഞ്ഞു. ”വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. തമിഴ്നാട്ടുകാര്‍ക്ക് ഈ സിനിമ ഇത്രയേറെ ഇഷ്ടമാകുമെന്ന് ഒരിക്കലും കരുതിയില്ല. ‘ഗുണ’യിലെ ‘കണ്‍മണി’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്സില്‍ ഒരു പ്രധാനഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും ഒട്ടേറെയാളുകളെ ആകര്‍ഷിച്ചു”- ചിദംബരം പറഞ്ഞു.
ഗുണ കേവ് ആദ്യകാലത്ത് ‘ഡെവിള്‍സ് കിച്ചണ്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊടൈക്കനാലിലെ തടാകത്തില്‍ നിന്നും ആറ് കിലോമീറ്ററോളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമലഹാസന്‍ അഭിനയിച്ച ‘ഗുണ’ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഈ ഗുഹയില്‍ ചിത്രീകരിച്ചതോടെ ഗുണ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. 600 അടിയിലധികം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലാണ് ഗുണ കേവ് അവസാനിക്കുന്നത്. വളരെ അപകടം പിടിച്ച കേവ്സില്‍ ഇതുവരെ പതിമുന്നോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.