മുൻ മിസ് ഇന്ത്യയും ബോളിവുഡ് താരവുമായ ഉർവശി റൗട്ടേല സോഷ്യൽമീഡിയയിലും താരമാണ്. കഴിഞ്ഞദിവസം താരം മുപ്പതാം പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. പുതിയ ചിത്രമായ ‘ലൗ ഡോസ് 2’ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു ഉർവശിയുടെ പിറന്നാൾ ആഘോഷം നടന്നത്. ഈ ആഘോഷത്തിനിടയിൽ താരം മുറിച്ച കേക്കാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
ഉർവശി മുറിച്ച പിറന്നാൾ കേക്ക് തയ്യാറാക്കിയത് 24 കാരറ്റ് സ്വർണം ചേർത്താണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിന് മൂന്ന് കോടി രൂപ വരുമെന്നും ഉർവശി തന്നെ സോഷ്യൽമീഡിയയിലൂടെ അവകാശപ്പെട്ടു. താരത്തിന് ഈ കേക്ക് സമ്മാനിച്ചത് പ്രമുഖ റാപ്പർ ഹണി സിംഗാണ്.
ജന്മദിനാഘോഷത്തിൽ ഹണി സിംഗും പങ്കെടുത്തിരുന്നു. ഉർവശി കേക്ക് മുറിക്കുന്നതും ആദ്യ കഷ്ണം ഹണി സിംഗ് ഉർവശിക്ക് കൊടുക്കുന്നതുമെല്ലാം പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. ചുവപ്പ് നിറത്തിലുള്ള ഹൈസ്ലിറ്റ് ഗൗണിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട ഉർവശി, കല്ല് പതിപ്പിച്ച ചോക്കർ, കമ്മൽ, ബ്രേസ്ലെറ്റ് എന്നിവയാണ് പിറന്നാൾ ദിനാഘോഷത്തിനായി തിരഞ്ഞെടുത്തത്.
അതേസമയം, സ്വർണകേക്കാണ് താൻ മുറിച്ചതെന്ന് അവകാശപ്പെട്ട ഉർവശിയോട് സ്വർണകേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ഇന്ത്യയിലെ ആദ്യ വനിത താങ്കൾ തന്നെയെന്നും, ഈ കേക്ക് അലമാരയിൽ അല്ലേ സൂക്ഷിക്കുക എന്നൊക്കെയാണ് ആരാധകർ പറയുന്നത്.
Discussion about this post