മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ ‘ഭ്രമയുഗം’ സിനിമ നിരൂപകർക്കിടയിലും നികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്ത തള്ളി നടൻ ആസിഫ് അലി. ‘ഭ്രമയുഗം’ ആസിഫ് അലി നിരസിച്ച സിനിമയാണെന്നും കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പിന്മാറിയതെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ‘ഭ്രമയുഗം’ എന്ന സിനിമ താൻ നിരസിച്ചതല്ലെന്നും ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം ചെയ്യാൻ വല്ലാതെ ആഗ്രഹിച്ചിരുന്ന സിനിമയായിരുന്നുവെന്നും ആസിഫ് അലി വിശദീകരിച്ചു.
ഭ്രമയുഗം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിന്റെ ഷൂട്ട് വളരെ നേരത്തെ വന്നു. ആ സമയത്ത് തനിക്ക് വേറെ സിനിമയുടെ കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നു എന്നാണ് നാളുകൾക്ക് മുൻപ് വന്ന അഭിമുഖത്തിൽ ആസിഫ് അലി പറയുന്നത്.
‘ഭ്രമയുഗം ഞാൻ റിജെക്ട് ചെയ്തത് അല്ല. ആ സിനിമ നമ്മൾ പ്ലാൻ ചെയ്തതിനേക്കാൾ പെട്ടെന്ന് ഉണ്ടായതാണ്. കാരണം മമ്മൂക്ക ഒരു സിനിമയ്ക്കു വേണ്ടി താടി വളർത്തുന്നുണ്ട്. അതിന്റെ തുടർച്ചയായിട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ എനിക്ക് ആ സമയത്ത് വേറെ കമ്മിറ്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് എനിക്കാ സിനിമ ചെയ്യാൻ പറ്റിയില്ല. അതിൽ ഒരുപാട് വിഷമമുണ്ട്.’- എന്നാണ് ആസിഫ് അലി പറയുന്നത്.
‘ആ കഥാപാത്രം മമ്മൂക്ക ചെയ്യാൻ സമ്മതിച്ചു എന്നത് സിനിമയോട് അദ്ദേഹം എത്രത്തോളം ആത്മാർഥത ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായി. ഭ്രമയുഗത്തിലെ ആ വേഷം മമ്മൂക്ക ചെയ്യും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഭ്രമയുഗം എന്ന സിനിമ ഏറ്റെടുത്ത് ചെയ്യണം എങ്കിൽ അതിനൊരു ധൈര്യം വേണം. അത് മമ്മൂക്ക കാണിച്ചു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അത് വളരെ പ്രചോദനമാണ്’.
‘ഈ സിനിമയെ കുറിച്ച് മുഴുവൻ കേൾക്കുകയും കൃത്യമായി വായിക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയുഗം. മമ്മൂക്കയുടെ ഏറ്റവും നല്ല പെർഫോമൻസിൽ ഒന്നായിരിക്കും. അർജുൻ അശോകന്റെയും വളരെ രസകരമായ കഥാപാത്രമാണ്’.
‘ഞാൻ അത്രയും പ്രതീക്ഷിച്ച് ചെയ്യണം എന്ന് ആഗ്രഹിച്ച സിനിമ കൂടിയാണത്. അത് അർജുന്റെ അടുത്തേക്ക് പോയതിൽ സന്തോഷമേയുള്ളൂ. അർജുന്റെ നെക്സ്റ്റ് ലെവലാണ് ഈ സിനിമയോടു കൂടി കാണാൻ പോകുന്നത്’- എന്നാണ് ആസിഫ് അലി പറഞ്ഞത്.