തുടരെ തുടരെ പകര്‍ന്നാട്ടങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. തന്നിലെ നടനെ തേച്ചു മിനുക്കി പുതിയ പുതിയ മാനങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുകയാണ് മെഗാസ്റ്റാര്‍. ഇപ്പോള്‍ പുറത്തിറങ്ങിയ ഭ്രമയുഗത്തില്‍ പോലും ത്രസിപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്.
രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കിയ ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. മമ്മൂട്ടിയെ
കൂടാതെ, അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും ഗംഭീര പ്രകടങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ചിത്രം.
മനുഷ്യന്റെ അധികാര മോഹവും അത്യാര്‍ത്തിയും സിനിമ ചര്‍ച്ച ചെയ്യുന്നു. ഒരുപാട് കാലത്തിന് ശേഷം മലയാളത്തില്‍ പൂര്‍ണമായും ബ്ലാക്ക്് ആന്‍ഡ് വൈറ്റില്‍ റിലീസിനെത്തിയ ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. ആദ്യ പ്രദര്‍ശനം കഴിയുമ്പോഴേക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് അഡ്വ. വൈശാഖന്‍ എന്‍വി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയം.
മമ്മൂക്കക്ക് സ്വന്തമായൊരു മുഖമില്ല
അയാള്‍ ഹാജിയാണ്, അയാള്‍ പട്ടേലരാണ്, അയാള്‍ മാടയാണ്,
അയാള്‍ ബാലന്‍ മാഷാണ്,
അയാള്‍ രാഘവന്‍ നായരാണ്,
അയാള്‍ തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയുമാണ്… എന്നിങ്ങനെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘അധികാരം കയ്യിലുള്ളോര്‍ക്ക്
അന്യരുടെ സ്വാതന്ത്ര്യം വച്ച് കളിക്കണത് ഒരു രസാ,
അതിന് കുറ്റമൊന്നും ചെയ്യണമെന്നില്ല…’
ഇങ്ങനെ
തേവനോട് വെപ്പുകാരന്‍ പറയുന്നുണ്ട്….
ഈ കാലത്ത്, ഈ സിനിമ
രാഷ്ട്രീയ വ്യവഹാരങ്ങളില്‍
നാമെവിടെയും നമ്മളെ
കണ്ടെടുക്കുന്ന ഒരു
കാന്‍വാസാണ് ‘ വൈശാഖന്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…..
“അധികാരം കയ്യിലുള്ളോർക്ക്
അന്യരുടെ സ്വാതന്ത്ര്യം വച്ച് കളിക്കണത് ഒരു രസാ;
അതിന് കുറ്റമൊന്നും ചെയ്യണമെന്നില്ല….”
ഭ്രമയുഗം വിട്ട് പോരുമ്പോൾ
ഞാനെന്തോ തേവനെ പോലെ മറവി ബാധിച്ചിരിക്കുകയായിരുന്നു….
പേരും, അമ്മയുടെ പേരും,
ദിവസങ്ങളും,മാസങ്ങളും മറന്നു
പോയ തേവനെ പോലെ….
ഞാൻ മമ്മൂക്കയുടെ
മുഖം എന്താണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു,
അയാളുടെ പേര്…?
ഇല്ല ഞാനൊടുവിൽ
എത്തി തട്ടി വീണതത്രയും കൊടുമൺ പോറ്റിയുടെ
ചിരിയിലായിരുന്നു;
അയാളുടെ ഭ്രമകല്പനകളിലായിരുന്നു….
മമ്മൂക്കക്ക് സ്വന്തമായൊരു മുഖമില്ല
അയാൾ ഹാജിയാണ്, അയാൾ പട്ടേലരാണ്, അയാൾ മാടയാണ്,
അയാൾ ബാലൻ മാഷാണ്,
അയാൾ രാഘവൻ നായരാണ്,
അയാൾ തൃശൂർക്കാരൻ പ്രാഞ്ചിയുമാണ്…
നാശോന്മുഖമായ
ഇല്ലത്തിൽ നാം എത്തി നിൽക്കുന്നിടത്ത്
നമ്മളും അതിൽ കുരുങ്ങി പോകും….
തേവനെ പോലെ,
വെപ്പുകാരനെ പോലെ…
പിന്നെ ചോര തുപ്പി ചാവും
വരെയുള്ള
പകിട കളിയാണ്…
ഭ്രമയുഗം മിത്തിൽ നിന്ന്
വർത്തമാനത്തിലേക്ക്
സന്നിവേശിപ്പിക്കുന്ന
രാഷ്ട്രീയ വ്യവഹാരം കൂടെയാണ്….
അവർക്ക് പോറ്റിയുടെയും, വെപ്പുകാരൻ്റെയും, തേവൻ്റെയും മുഖപടമണിയാൻ എളുപ്പമാണ്….
അവർക്ക് ഒറ്റപ്പേരെയുള്ളു
‘അധികാരം’….
മോതിരം അണിയുമ്പോൾ
തേവൻ പറയുന്നുണ്ട്,
“വേണ്ടാ,
അത് അധികകാലം നിൻ്റെ കയ്യിലിരുന്നാൽ അനുഭവിക്കുന്നത്
എന്നെ പോലെയുള്ള സാധാരണക്കാരാവും….”
നാമിന്ന് കുടുങ്ങി കിടക്കുന്ന
തകർക്കപ്പെട്ട റിപ്പബ്ലിക്കിൽ
പുറത്ത് കടക്കാനാകാതെ,
സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട്,
പോറ്റിയുടെ കൺകെട്ടു വിദ്യയിൽ
മയങ്ങി,
പോറ്റിയുടെ ശിക്ഷ വിധികൾക്ക്
വിധേയപ്പെട്ട് പല പ്രകാരങ്ങളിൽ
ജീവിതം തള്ളി നീക്കുന്നു…..!
വെപ്പുകാരനായി
സിദ്ധാർത്ഥ് ഭരതൻ
മരിച്ച മീനിൻ്റെ കണ്ണുകൾ
പോലെ നിസംഗമായ കണ്ണുകളാൽ നമ്മെ വിസ്മയിപ്പിക്കും,
കൗതുകവും, ഭയവും,
വിധേയതയും കൊണ്ട്
അർജ്ജുൻ അശോകനും ….
സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകരെ
പിന്തുടരുന്ന ദുർമന്ത്രവാദിയാണ്
പോറ്റി,
അയാൾ ഈ എഴുപതുകൾ പിന്നിട്ട കാലത്തും നമ്മുടെ
കണ്ണുകെട്ടുന്നു….
“അധികാരം കയ്യിലുള്ളോർക്ക്
അന്യരുടെ സ്വാതന്ത്ര്യം വച്ച് കളിക്കണത് ഒരു രസാ,
അതിന് കുറ്റമൊന്നും ചെയ്യണമെന്നില്ല…”
ഇങ്ങനെ
തേവനോട് വെപ്പുകാരൻ പറയുന്നുണ്ട്….
ഈ കാലത്ത്, ഈ സിനിമ
രാഷ്ട്രീയ വ്യവഹാരങ്ങളിൽ
നാമെവിടെയും നമ്മളെ
കണ്ടെടുക്കുന്ന ഒരു
കാൻവാസാണ്…..!!
Discussion about this post