ഏഴാമത് ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേള; മികച്ച നടി ശ്വേതാ മേനോന്‍

രഞ്ജിലാല്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജുവലിലെ അഭിനയത്തിനാണ് ശ്വേതാ മേനോന് പുരസ്‌കാരം ലഭിച്ചത്

ഏഴാമത് ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ശ്വേതാ മേനോന്‍. രഞ്ജിലാല്‍ സംവിധാനം ചെയ്ത നവല്‍ എന്ന ജുവലിലെ അഭിനയത്തിനാണ് ശ്വേതാ മേനോന് പുരസ്‌കാരം ലഭിച്ചത്. അസ്മ എന്ന കഥാപാത്രമാണ് ശ്വേത സിനിമയില്‍ കൈകാര്യം ചെയ്തത്.

ദുബായ്, ഓസ്ട്രേലിയ, പാലസ്തീന്‍ എന്നിവിടങ്ങളിലെ ഫിലിം മേക്കേഴ്സിന്റെ ഇടയില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ചലച്ചിത്രമേളയില്‍ സിനിമ കണ്ടവരില്‍ നിന്നുണ്ടായ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും ശ്വേത പറഞ്ഞു. അവിടെ ലഭിച്ച പ്രതികരണത്തിന്റെ നാലിലൊന്ന് കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്ന് പ്രതീക്ഷിച്ചുവെന്നും ശ്വേത മേനോന്‍ പറഞ്ഞു.

അഞ്ച് ദിവസം നീണ്ടുനിന്ന ചലച്ചിത്രമേളയില്‍ 74 രാജ്യങ്ങളില്‍ നിന്നായി 194 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുറമെ മിലന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലും നവല്‍ എന്ന ജുവല്‍ പ്രദര്‍ശിപ്പിക്കും.

Exit mobile version