നടനും ടെലിവിഷന്‍ അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഒക്ടോബറില്‍ കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ തീയതിയും ഗോവിന്ദ് അറിയിച്ചിരുന്നു. ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടു ബീ ചടങ്ങുകളില്‍ മലയാള സിനിമ-സീരിയല്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു.
കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ഗോപിക വധുവായി എത്തിയപ്പോള്‍ കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ജിപിയും എത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തിയത്. വിവാഹനിശ്ചയ ചിത്രം പങ്കുവച്ചാണ് താരങ്ങള്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ”ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെ പോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്.
നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനില്‍.”ഗോവിന്ദ് പത്മസൂര്യയും ഗോപികയും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
Discussion about this post