“ഇത് എന്ത് തരം സിനിമയാണ്” പെട്ടാല്‍ തിരിച്ച് പോക്കില്ലാത്ത തരം മനോനില ! ”വാലിബന്‍ തിയേറ്ററുകളില്‍ പോയി കാണേണ്ട സിനിമ തന്നെയാണ്..” വൈശാഖന്റെ കുറിപ്പ് വൈറലാകുന്നു

'മലൈക്കോട്ടെ വാലിബന്‍' തിയേറ്ററില്‍ പോയി കാണേണ്ട മലയാള സിനിമ തന്നെ

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി മാസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന രീതിയില്‍ തന്നെ മലൈക്കോട്ടൈ വാലിബന് വമ്പന്‍ ഹൈപ്പ് ലഭിച്ചിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം വാലിബന്റെ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു.

തിയേറ്ററുകളില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോള്‍ തിയേറ്ററുകളില്‍ തുടരുകയാണ്. ആദ്യ പ്രദര്‍ശനം കഴിയുമ്പോഴേക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ഈ സിനിമ കണ്ട് സമ്മിശ്ര പ്രതികരണങ്ങള്‍ പറയുന്നവരും, ഈ ചിത്രം മോശമാണെന്ന് പറയുന്നവരും, അതല്ല ഈ ചിത്രമൊരു ക്ലാസിക്കാണ് എന്ന് പറയുന്നവരും സജീവമാണ്. ഇങ്ങനെ പല തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും സാക്ഷ്യം വഹിച്ച് വരികയാണ്. വലിയ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം കൊമേഷ്യലി ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഇപ്പോഴിതാ, ചിത്രത്തെ കുറിച്ച് പ്രേക്ഷകനായ അഡ്വ. വൈശാഖന്‍ എന്‍ വി കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയം.

‘മലൈക്കോട്ടെ വാലിബന്‍’ തിയേറ്ററില്‍ പോയി കാണേണ്ട മലയാള സിനിമ തന്നെയാണെന്ന് പറയുകയാണ് വൈശാഖന്‍. വാലിബന്‍ മോഹന്‍ലാലിന് ഒരു വെല്ലുവിളിയല്ല, അയാള്‍ക്കിത് ഇരുപത്തിയഞ്ച് ശതമാനം എനര്‍ജി കൊണ്ട് ചെയ്ത് തീര്‍ക്കാവുന്ന ഒന്നേ ഉള്ളൂ, എങ്കിലും ഇതൊരു തിരിച്ച് വരവ് തന്നെയായി ആരോപിക്കപ്പെടുകയല്ല ആഘോഷിക്കപ്പെടണം. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

ഗിരീഷ് കാസറവള്ളിയാണെന്ന് തോന്നുന്നു ഒരിക്കല്‍ പറയുകയുണ്ടായി.
അതു വരെ സിനിമ കാണാതിരുന്ന ഒരു ഗ്രാമത്തിലെ ആളുകളെ നിരന്തരം സമാന്തര സിനിമകള്‍ കാണിച്ച് കൊണ്ടേയിരുന്നു.
ഇടക്കൊരിക്കല്‍ അവര്‍ മുഖ്യധാര കമേഴ്‌സ്യല്‍ സിനിമ കാണാനിടയായി.
ആ ഗ്രാമവാസികള്‍ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു.
‘ഇത് എന്ത് തരം സിനിമയാണ്… ‘

മോഹന്‍ലാല്‍ ഫാന്‍ യൂണിവേഴ്‌സ് ശരിക്കും ഒരു തരം
ബര്‍മൂഡ ട്രയാങ്കിളാണെന്ന് തോന്നുന്നു.
കുറെ A10 സിനിമകള്‍ കണ്ടവര്‍
ഇപ്പോള്‍ ഒരു LJP സിനിമ കണ്ട്
ചോദിക്കുന്നതും അതു തന്നെയാണ്
‘ഇത് എന്ത് തരം സിനിമയാണ് ‘
പെട്ടാല്‍ തിരിച്ച് പോക്കില്ലാത്ത
തരം മനോനില…
നേര് കണ്ട് A10 തിരിച്ച് വന്നെന്ന്
ആഹ്ലാദിക്കുന്ന അനിയന്‍മാര്‍,
വാലിബന്‍ കണ്ട് അത്ര സുഖത്തിലല്ല സത്യത്തില്‍ ….

വാലിബന്‍ മോഹന്‍ലാലിന്
ഒരു വെല്ലുവിളിയല്ല,
അയാള്‍ക്കിത് ഇരുപത്തിയഞ്ച് ശതമാനം എനര്‍ജി കൊണ്ട് ചെയ്ത് തീര്‍ക്കാവുന്ന ഒന്നേ ഉള്ളൂ,
എങ്കിലും ഇതൊരു തിരിച്ച് വരവ് തന്നെയായി ആരോപിക്കപ്പെടുകയല്ല ആഘോഷിക്കപ്പെടണം ..

‘No plan to Change,
No plan to impress ‘ എന്ന്
സ്വാഭിമാനിയായ
LJP യെന്ന മലയാളം
സംവിധായകനെ മനസിലാക്കാതെ നമ്മള്‍
വാലിബനെ കാണാന്‍ കയറരുത്….
വാലിബന്‍ മലയാളത്തിന്റെ
വിഷ്വല്‍ ട്രീറ്റാണ്,
ക്ലാസും മാസുമാണ് ….

പകയും,ചതിയും
ഉടനീളം ജീവിതത്തില്‍
ബാധിക്കപ്പെടുന്ന
ഒരു മലയാളി സാമുറായ്
ആണ് വാലിബന്‍..
അയാളുടെ നൊമാഡിക്
യാത്രകളത്രയും പോരിന്
വേണ്ടിയാണ്….
നാം ഒരു നാടോടികഥ കേള്‍ക്കും
പോലെ വേണം വാലിബനെ
കാണാന്‍ ….

ക്യാമറയാലും, സംഗീതത്താലും,
ബാക്ഗ്രൗണ്ട് സ്‌കോറിനാലും
നമുക്കപരിചിതമായ
സങ്കേതങ്ങളാണ് ഈ സിനിമ….
ഒരര്‍ത്ഥത്തില്‍ ക്വിന്റണ്‍ ടാറന്റീനോ ഏതെല്ലാമോ അളവില്‍ LJP യെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സിനിമയുടെ ടൈറ്റില്‍ എഴുത്ത് മുതല്‍ ഒരോ ഷോട്ടുകളും നമ്മെ തോന്നിപ്പിക്കും….

LJPയുടെ ഡയലോഗിന്
എന്ത് പറ്റി…..?
ബാലെ പോലെയോ,
നാടകം പോലെയോ
ഇങ്ങനെ പോകുന്ന മറ്റൊരു
വിമര്‍ശനം….

ഈ സിനിമ കാല,ദേശങ്ങളില്ലാത്ത
ഒരു ആഖ്യാനമാണ്,
സ്വാതന്ത്ര്യ പൂര്‍വ്വ കാലമാണെന്ന്
തോന്നുന്ന രംഗങ്ങളുമുണ്ട്.
അക്കാലത്തെ ഭാഷ പ്രയോഗങ്ങള്‍,
ചലച്ചിത്ര ഭാഷകള്‍ അര്‍ഹിക്കുന്ന
ഭാഷയില്‍ തന്നെയാണ്
LJP ഇതിലും കഥ പറഞ്ഞ് പോകുന്നത്…
അങ്കമാലി ഡയറീസിലെയും,
ചുരുളിയിലെയും, ഈമയൗവിലെയും കഥാപാത്രങ്ങള്‍ പോലെ
എന്ത് കൊണ്ട് വാലിബന്‍ പറഞ്ഞില്ല എന്ന് ചോദിച്ചാല്‍
തിരിച്ചൊന്ന് ചിന്തിച്ച് നോക്ക്
അങ്കമാലി ഭാഷ സംസാരിക്കുന്ന വാലിബനെ….!

രക്ത രൂക്ഷിതമായ
ചതികളിലാണ്
നാം സിനിമയുടെ അവസാനത്തില്‍ ചെന്നെത്തി നില്‍ക്കുക ….
‘ നേരും നെറിയുമല്ല ചതിയാണ് മാങ്ങോട്ടു കളരിയുടെ ആയുധം
ചതിയില്‍ പണിതുയര്‍ത്തിയതാണ് ആ കൂടാരം’
‘തേളിന് വാലില്‍ വിഷം,
പാമ്പിന് പല്ലില്‍ വിഷം,
അയ്യനാര്‍ക്ക് മുടി
നാരിലും വിഷം….
ഒരു ജീവിതം മുഴുവന്‍ ഞാന്‍ കൂട്ടി വച്ച വിഷം തീണ്ടി നീ മരിക്കും’
ഇങ്ങനെ പോകുന്ന സംഭാഷണങ്ങള്‍ നിത്യ ജീവിതത്തില്‍ എവിടെയും
നമുക്ക് അനുഭവപ്പെടാം …

‘മുന്നില്‍ നിന്നായാലും,
പിന്നില്‍ നിന്നായാലും ചതി ജയിച്ച ചരിത്രമില്ലല്ലോ ആശാനെ ‘
വാലിബന്‍ പറയുന്ന സംഭാഷണത്തിന് ഇപ്പോള്‍ ഒരു പ്രസക്തിയുണ്ട് അത്
A10 ഫാന്‍സ് യൂണിവേഴ്‌സിനോടുള്ള മുന്നറിയിപ്പുമാണ്..
മലൈക്കോട്ടെ വാലിബന്‍
തിയ്യറ്ററില്‍ കാണേണ്ട
മലയാള സിനിമ തന്നെയാണ്…

Exit mobile version