കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ നടി ലെന സംസാരിച്ച വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ഡയലോഗ് തന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടെന്നും നിങ്ങൾ ആരാണെന്ന് അറിയില്ലെങ്കിൽ തന്നെ സമീപിച്ചാൽ പറഞ്ഞു തരാമെന്നും ലെന പറഞ്ഞു.
”താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് അപ്പോൾ ഞാൻ പറഞ്ഞ് തരാം താൻ ആരാണെന്ന്” എന്ന് തുടങ്ങുന്ന തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്താണ് ലെന സംസാരിച്ചത്.
”എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ജീവനെയാണ് താൻ ദൈവം എന്ന് വിളിക്കുന്നതെന്നും താരം വിശദീകരിച്ചു. ഞാൻ ആരാണെന്ന ചോദിക്കാൻ ആദ്യം നമ്മെ പഠിപ്പിച്ചത് രമണ മഹർഷിയാണ്. രമണ മഹർഷിയോട് ആര് എന്തു ചോദിച്ചാലും പുള്ളി ചോദിക്കും ആരാണ് ഇത് ചോദിക്കുന്നതെന്ന്.” ഇതിനു ഉത്തരം കിട്ടാതെ കുറേപ്പേർ മരിച്ചുപോയിട്ടുണ്ടെന്നും ലെന വിശദീകരിച്ചു.
”ഞാൻ എന്ന് പറഞ്ഞാൽ ജീവൻ. ഞാൻ ജീവനാകുന്നു. ഞാൻ തന്നെയാണ് എല്ലാ മനസ്സുകളെയും ശരീരത്തെയും ചലിപ്പിക്കുന്നത്. ഞാൻ ആ ശരീരത്തിൽനിന്ന് മാറിക്കഴിഞ്ഞാൽ ആ ശരീരത്തെ നശിപ്പിക്കേണ്ടി വരും. അപ്പോൾ നമ്മൾ നമ്മുടെ ശരീരമല്ല, നമ്മൾ നമ്മുടെ മനസ്സല്ല, നമ്മൾ ജീവനാണ്. നമ്മളെ നശിപ്പിക്കാൻ കഴിയില്ല. ഞാൻ ആ ജീവനെയാണ് ദൈവം എന്ന് വിളിക്കുന്നത്.” ജീവൻ ആവർത്തിക്കുന്നില്ലെന്നും ലെന പറയുന്നു.
”നമ്മൾ എല്ലാവരും ജീവിക്കാൻ വേണ്ടി രൂപമെടുത്ത ജീവനാണ്. ഞാൻ അങ്ങനെയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത്. ഇനി നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക് അപ്പൊ ഞാൻ ആരാണെന്നു പറഞ്ഞു തരുമ്പോൾ എല്ലാവർക്കും മനസ്സിലാകും നമ്മൾ എല്ലാവരും ഒരേ ഒരേ ജീവന്റെ പല രൂപങ്ങളാണെന്നും” താരം വിശദീകരിച്ചു.
‘താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’ എന്ന തേന്മാവിൻ കൊമ്പത്തിലെ ഡയലോഗ് കേട്ടപ്പോൾ ഞാൻ ഇരുന്നു കാര്യമായി ചിന്തിച്ചു, ഇതിൽ എന്തോ കാര്യം ഉണ്ടല്ലോ എന്ന്. നമ്മൾ എല്ലാവരും നമ്മളെ ഞാൻ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്നു ചോദിച്ചാൽ നമ്മൾ പറയും ഞാൻ ആണെന്ന്. ഓരോ ശരീരത്തിനും ഉള്ളിൽ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞാൻ ആണെന്ന്. ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ എല്ലാറ്റിനും ഉത്തരമായി എന്നാണ് താരത്തിന്റെ അഭിപ്രായം.