നടൻ സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുത്ത് നടൻ ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയാണ് താരദമ്പതികൾ ഭാഗ്യയെ ആശിർവദിച്ചത്.
ഭാഗ്യ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്‌നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളിൽ കാണാം. സുരേഷ് ഗോപിക്കൊപ്പം താരദമ്പതികൾ ഭക്ഷണം കഴിക്കുന്നതിന്റെ ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജനുവരി 17ന് ഗുരുവായൂരിലാണ് വിവാഹച്ചടങ്ങുകൾ. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ ഭാഗ്യയുടെ സംഗീത്, ഹൽദി ചടങ്ങുകൾ കുടുംബം ഗംഭീരമാക്കിയിരുന്നു.
ഭാഗ്യയുടെ വരൻ ശ്രേയസ് മോഹനാണ്. ഇരുവരുടേയും വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.
വിവാഹശേഷം റിസപ്ഷൻ ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. തിരുവനന്തപുരത്തെ വീട്ടിൽവച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽനിന്ന് ഈയടുത്ത് ഭാഗ്യ ബിരുദം പൂർത്തിയാക്കിയിരുന്നു. യുബിസി സൗഡെർ സ്‌കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
Discussion about this post