കൊച്ചി: എണ്‍പത്തിനാലാം പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെജെ യേശുദാസ്. ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുന്ന വേളയില്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ആശംസകളറിയിച്ചത്. യേശുദാസിന്റെ ശബ്ദത്തില്‍ ചില ഗാനങ്ങളിലൂടെ തന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ തന്റെ സുകൃതങ്ങളിലൊന്നായി കരുതുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വര്‍ഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലയാളി കേള്‍ക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന്‍, നമ്മളൊക്കെ ജനിച്ച് വളര്‍ന്നതു മുതല്‍ കേട്ടുപാടിയ ശബ്ദം. ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദ ബ്രഹ്‌മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ…
ദാസേട്ടന്റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ എന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്. ഇതൊക്കെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ് ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ഒരു ദിവസം മൂളാത്തതായി ഒരു മലയാളികളും ഉണ്ടാകില്ല.
ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനാകുന്ന ദിവസമാണ് ഇന്ന്. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവനെ… ഈ സുദിനത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം പ്രാര്‍ത്ഥനയും. ഋതുഭേദങ്ങളില്ലാത്ത, എനിക്ക് ഗുരുതുല്യനായ ദാസേട്ടന്റെ പാദാരവിന്ദങ്ങളില്‍ എന്റെ നമസ്‌കാരം, മോഹന്‍ലാല്‍ പറഞ്ഞു.