ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെ പുതിയ ചിത്രം ‘അന്നപൂരണി’ വിവാദത്തില്‍. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഹിന്ദു ഐടി സെല്ലാണ് ചിത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
രാമായണത്തെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നും ശ്രീരാമനെ മാംസാഹാരിയാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ചിത്രത്തില്‍ ഹിന്ദു പൂജാരിയുടെ മകളായാണ് നയന്‍താര പ്രത്യക്ഷപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഷെഫായി പേരെടുക്കണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടിയാണ് നയന്‍താരയുടെ പൂരണിയെന്ന കഥാപാത്രം. പാചക മത്സരത്തില്‍ ബിരിയാണിയുണ്ടാക്കുന്നതിന് മുമ്പായി പൂരണി, മുസ്‌ലിം രീതി അനുസരിച്ച് പ്രാര്‍ഥിക്കുന്നതും പിന്നീട് ഭക്ഷണം പാകം ചെയ്യുന്നതും സിനിമയിലുണ്ട്. ഇതാണ് വിവാദമായത്.
നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നയന്‍താരയ്ക്ക് പുറമെ ജയ്, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.