കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിലൂടെ നിരന്തരം നേരിടുന്ന വ്യക്തിഹത്യകൾക്ക് മറുപടിയുമായി ഒടുവിൽ ഗായിക അമൃത സുരേഷ് രംഗത്ത്. മുൻഭർത്താവ് ബാലയുടെ ആരോപണങ്ങൾ എല്ലാം പൊളിക്കുന്ന നിയമപരമായ രേഖകളുമായാണ് അമൃത സോഷ്യൽമീഡിയയിലൂടെ വീഡിയോ പങ്കിട്ട് എത്തിയത്.
തന്റെ അഭിഭാഷകർക്ക് ഒപ്പം എത്തിയ അമൃത ബാലയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു. മകൾ അവന്തികയെ കാണിക്കാതെ അമൃത പിടിച്ചുവെച്ചിരിക്കുകയാണെന്നും തനിക്കെതിരെ പോക്‌സോ കേസ് നൽകിയെന്നുള്ള ഗുരുതര ആരോപണങ്ങൾക്കാണ് അമൃതയുടെ പ്രതികരണം.
പോക്‌സോ കേസ് നൽകി എന്നുള്ളത് കള്ളമാണെന്നും കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിന് കോടതി അനുവദിച്ചതാണെന്നും രേഖകൾ തെളിയിക്കുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാൻ അവകാശമുള്ളതെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്.
പരസ്പര ധാരണയോടെയാണ് രണ്ട് പേരും വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാൽ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രനാളും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
കുട്ടിയെ പലപ്പോഴും കാണിക്കുന്നില്ലെന്ന ബാലയുടെ വിലാപം വെറും പ്രകടനമാണെന്ന് അമൃതയുടെ വാക്കുകൾ തെളിയിക്കുന്നു. കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാൻ അവകാശമുള്ളത്. കുടുംബ കോടതിയിൽ വച്ചാണ് ഈ കൂടിക്കാഴ്ച നടക്കേണ്ടത്. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അമൃതയെ ബാല അറിയിക്കുകയും ചെയ്യണം. ബാല പറഞ്ഞത് പോലെ ക്രിസ്തുമസിനോ ഓണത്തിനോ കാണാനുള്ള നിയമമില്ലെന്നും അമൃതയുടെ അഭിഭാഷകർ വ്യക്തമാക്കി.
അതേസമയം, വിവാഹ മോചനത്തിന് ശേഷം ഒരു തവണ പോലും മകളെ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ബാല മെസേജ് അയക്കുകയോ മെയിൽ അയക്കുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ല എന്ന് പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് അമൃത വിശദീകരിക്കുന്നത്.
ഇതെല്ലാം തന്നെ തേജോവധം ചെയ്യാനും, ഞാൻ കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് പരത്താൻ വേണ്ടി മാത്രമുള്ള വാർത്തയാണ്. അല്ലാതെ മോളെ പിടിച്ചു വച്ചിട്ടില്ല. ഈ നിമിഷം വരെ നിയമം പറയുന്നതേ ചെയ്തിട്ടുള്ളൂ. ഇതുവരെ നിയമം തെറ്റിച്ചിട്ടില്ലെന്നും അമൃത വിശദീകരിച്ചു.
വിവാഹ മോചന കരാർ പ്രകാരം 25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നഷ്ടപരിഹാരം കൊടുത്തിരിക്കുന്നത്. കൂടാതെ മകളുടെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയുമുണ്ട്. അച്ഛൻ എന്ന് വലിയ വായിൽ വിളിച്ചു പറയുന്ന ആൾ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകൾക്ക് വേണ്ടി ചെലവാക്കില്ലെന്നാണ് നിബന്ധനയിൽ പറയുന്നത്. പോക്സോ കേസ് കൊടുത്തുവെന്നാണ് പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു കേസ് കൊടുത്തിട്ടില്ല എന്നാണ് അമൃത സുരേഷ് പറയുന്നത്.
വിവാഹ മോചന കരാർ പ്രകാരം അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതിൽ ബാലയ്ക്ക് യാതൊരു എതിർപ്പുമില്ലെന്നും പറയുന്നുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛൻ.
ഇപ്പോഴും എല്ലാ രേഖകളിലും ബാല തന്നെയാണ് കുട്ടിയുടെ അച്ഛൻ. എന്നാൽ, കുട്ടിയുടെ പെർമനന്റ് കസ്റ്റഡി അമൃതയ്ക്കാണ്. എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്. അതിലൊന്നും ഇടപെടില്ലെന്നും ബാല നിബന്ധനയിൽ പറയുന്നുണ്ടെന്ന് അഭിഭാഷകരും ചൂണ്ടിക്കാണിച്ചു.
Discussion about this post