തമാശയെന്ന പേരിൽ വേദികളിൽ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സാമാന്യവത്കരിച്ച മിമിക്രി ആർടിസ്റ്റ് ബിനു അടിമാലിയെ അതേ വേദിയിൽ വെച്ച് തിരുത്തി മഞ്ജു പത്രോസ്. സമൂഹത്തിൽ നിന്ന് ഇത്തരം കാര്യങ്ങൾ മാറ്റി നിർത്തണമെന്നും ബോഡിഷെയിമിംഗ് ഒരുപാട് പേർക്ക് വേദനയാണ് സമ്മാനിക്കുന്നതെന്നും മഞ്ജു പറഞ്ഞു.
കലാകാരൻമാർ എന്തെങ്കിലും തമാശ പറയുന്നുണ്ടെങ്കിൽ അത് നിങ്ങളെ സന്തോഷിപ്പിക്കാനാണ്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഓരോ പരിപാടിയും ചെയ്യുന്നത്. പ്രേക്ഷകർക്ക് സന്തോഷം ലഭിക്കാനാണ് ഓരോ തമാശയും ചെയ്യുന്നത്. അതിലൂടെ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. പണ്ടത്തെ സിനിമകളിൽ ബോഡി ഷെയ്മിങ് എന്ന സംഭവമില്ലായിരുന്നു. തമാശകൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. തമാശകൾ മാത്രമായി അതിനെ കാണുക. ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാം ചെയ്യുന്നത്’-എന്നാണ് ബിനു അടിമാലി പറഞ്ഞത്.
ഇതിന് തൊട്ടുപിന്നാലെയാണ് തിരുത്തലുമായി മഞ്ജു മൈക്കെടുത്തത്. ബിനു പറഞ്ഞതിൽ വിയോജിപ്പുണ്ടെന്ന് മഞ്ജു വ്യക്തമാക്കുകയായിരുന്നു. ഇത്തരത്തിലുള്ള തമാശകൾ പറയുമ്പോൾ അത് കേട്ട് വേദിനിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും അവരെ ആ തമാശകൾ വേദിനിപ്പിക്കുമെങ്കിൽ ആ തമാശ പറയാതിരിക്കുന്നതാണ് മാന്യതയെന്നും അവർ പ്രതികരിച്ചു.
ചർച്ചയാക്കാൻ താൽപര്യമുണ്ടായിട്ടല്ല, ഈ സദസ്സിൽ ഇരിക്കുമ്പോൾ ബിനു ചേട്ടൻ പറഞ്ഞപ്പോൾ അത് പറഞ്ഞില്ലെങ്കിൽ തനിക്ക് അതൊരു മനസ്സാക്ഷി കുത്താകുമെന്നുള്ളത് കൊണ്ട് മാത്രമാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് മഞ്ജു പറഞ്ഞ് തുടങ്ങുന്നത്.
ബിനു ചേട്ടൻ പറഞ്ഞു ഇതൊരു തമാശയാണ് ഒരുപാട് കലാകാരന്മാർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന്, എന്നാൽ അതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് താൻ. തനിക്ക് ഓർമവച്ച നാൾമുതൽ തന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവർ ചിരിക്കുന്ന ഒരുപാട് തമാശ പറഞ്ഞപ്പോൾ അന്ന് അതൊന്നും ആസ്വദിക്കാൻ സാധിച്ചിട്ടില്ല. ഈ തമാശകൾ എനിക്കെന്തോ കുറവുണ്ടെന്ന് കുട്ടിക്കാലം മുതൽ കുത്തിവെക്കുകയായിരുന്നുവെനന് മഞ്ജു വ്യക്തമാക്കുന്നു.
ഇങ്ങനെ കുത്തിവെക്കുന്നത് തനിക്ക് മാത്രമല്ല ബിനു ചേട്ടനുമുണ്ടായി കാണും. താൻ ഈ തമാശകൾ കേട്ട് വേദിനിച്ചിട്ടുണ്ടെങ്കിൽ തന്നെ പോലെയുള്ള ഒരു സമൂഹം ഇവിടെയുണ്ട്. തനിക്കത് കുഴപ്പമില്ലെന്ന് പറയുമ്പോഴും വേദനിക്കാറുണ്ടെന്നും ഉദാഹരണ സഹിതം മഞ്ജു വ്യക്തമാക്കി.
അത്തരം കോമഡി പറയുമ്പോൾ സഹജീവികളെയും കൂടി പരിഗണിക്കണം. ഇങ്ങനെയുള്ള തമാശകൾ കൊണ്ട് വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ തമാശകൾ പറയാതിരിക്കട്ടെ. അങ്ങനെയുള്ള തമാശകൾ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യതയെന്നും താൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷിയാണെന്നും ഒരിക്കലും ചിരിക്കാനായിട്ടില്ലെന്നും മഞ്ജു വിശദീകരിച്ചു.