ചെന്നൈ: നടി തൃഷ അടക്കം മൂന്ന് പേർക്കെതിരെ മാനനഷ്ടക്കേസ് നൽകിയ നടൻ മൻസൂർ അലിഖാന് കോടതിയുടെ തിരിച്ചടി. നടന്റെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക രണ്ടാഴ്ചയ്ക്കകം ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ലിയോ സിനിമയുടെ റിലീസിന് പിന്നാലെ നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തുകയായിരുന്നു മൻസൂർ അലിഖാൻ. ഇതോടെയാണ് തൃഷയും ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ നടി ഖുഷ്ബുവും നടൻ ചിരഞ്ജീവിയും മൻസൂർ അലിഖാനെ വിമർശിച്ച് രംഗത്തെത്തിയത്.
ഇതോടെ, തന്റെ തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും മൻസൂർ അലി ഖാൻ ആരോപിക്കുകയായിരുന്നു. തുടർന്നാണ് മൻസൂർ കോടതിയെ സമീപിച്ചത്. തന്നെ വിമർശിച്ച മൂന്ന് പേരും 1 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വനിതകൾക്കെതിരെ പരാമർശങ്ങൾ ഉണ്ടാകുമ്പോൾ എതിർക്കുന്നത് മനുഷ്യസഹജമാണെന്നും കോടതിയുടെ സമയം പാഴാക്കാനും പബ്ലിസിറ്റി ലക്ഷ്യമിട്ടുമാണ് മൻസൂർ അലി ഖാന്റെ കേസെന്നും ജസ്റ്റിസ് എൻ സതീഷ്കുമാർ നിരീക്ഷിച്ചു. തൃഷയാണു മൻസൂറിനെതിരെ പരാതി നൽകേണ്ടതെന്നു കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി പരാമർശിച്ചിരുന്നു.
Discussion about this post