മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പ്രസംഗിച്ച് കഴിുന്നത് വരെ എഴുന്നേറ്റ് നിന്ന് നടൻ ഭീമൻ രഘു ട്രോളുകൾക്ക് ഇരയായിരുന്നു. ഇപ്പോഴിതാ നടൻ ഭീമൻ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.
ഭീമൻ രഘുവിന് മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നു രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗ സമയത്ത് എഴുന്നേറ്റ് നിന്നതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാൾ ആണ്. മണ്ടൻ ആണ് എന്നാണ് രഞ്ജിത്ത് പറയുന്നത്.
ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു- രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താൻ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു തിരിച്ചു ചോദിച്ചു.
ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു- ഞാൻ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണെന്നും രഢ്ജിത്ത് പരിഹസിച്ചിരുന്നു.
അതേസമയം, ഈ പരമാർശത്തോട് പ്രതികരിച്ച് നടൻ ഭീമൻ രഘുവും രംഗത്തെത്തി. സിനിമയിൽ ഒരുപാട് അധിക്ഷേപങ്ങൾ താൻ അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോൾ ഇവയൊന്നും വലിയ കാര്യമായി തോന്നുന്നില്ലെന്നാണ് താരം പറഞ്ഞത്.
‘എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. മിടുക്കനാണ്, മിടുമിടുക്കനാണ്. എന്നാൽ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്.’- ഭീമൻ രഘു പറയുന്നു.