ദുബായ്: സംഗീതജ്ഞൻ എആർ റഹ്‌മാൻ ദുബായിയിലെ സ്വവസതിയിൽ കൃഷ്ണ ഭജന സംഘടിപ്പിച്ചത് വൈറലാകുന്നു. വിദേശ ഗായകർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയായി ഗംഭീരമായാണ് റഹ്‌മാൻ ചടങ്ങ് സംഘടിപ്പിച്ചത്. റഹ്‌മാന്റെ വീടിന്റെ സ്വീകരണമുറിയിൽ വെച്ചായിരുന്നു പരിപാടി നടന്നത്.
ഇപ്പോൾ റഹ്‌മാന്റെ വസതിയിൽ നിന്നുള്ള സംഗീതാർച്ചനയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ, ചെന്നൈ നഗരത്തെ പ്രളയം ബാധിച്ചപ്പോൾ ഇതിനെ കുറിച്ച് ഒന്നും മിണ്ടാതെ തന്റെ പുതിയ ചിത്രമായ ‘പിപ്പ’യുടെ ഗാനം പ്രമോട്ട് ചെയ്തത് ഏറെ വിമർശനം സൃഷ്ടിച്ചിരുന്നു.
‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്‌മാൻ ഈണമൊരുക്കിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് ഈ സമയത്ത് റിലീസ് ചെയ്തത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ നൃത്തത്തെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഗാനം പങ്കുവെച്ചത്.
ഇതോടെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. പിന്നാലെ ദിവസങ്ങൾക്കു ശേഷം ചെന്നൈ നഗരത്തിനു വേണ്ടി കൈകോർക്കണമെന്ന കുറിപ്പോടെ റഹ്‌മാൻ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതും ശ്രദ്ധേയമായിരുന്നു.