മണികര്‍ണിക എന്ന ചിത്രം തന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി മാറ്റിയെന്ന് കങ്കണ റണാവത്ത്. ആക്ഷനും മറ്റും ഏറെ പ്രാധാന്യമുളള ചിത്രം തനിക്ക് ഏറെ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ചിരുന്നു, സിനിമയ്ക്കു വേണ്ടി വാള്‍ പയ്യറ്റും കുതിര സവാരിയുമെല്ലാം പഠിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ ഈ തുറന്നു പറച്ചില്‍.
അതെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്തിലേക്കാണ് എന്നെ കൂട്ടികൊണ്ടുപോയത്. ഷോട്ടുകള്‍ കഴിയുമ്പോള്‍ ഒരു നടിയെന്ന നിലയില്‍ സെറ്റുകളില്‍ അല്പം വിശ്രമിക്കാന്‍ കഴിയും. പക്ഷേ സംവിധായകനാകുമ്പോള്‍ അതല്ല. ഉത്തരവാദിത്വങ്ങളും മേക്കപ്പ് പോലുളള കാര്യങ്ങളും എനിക്ക് ശ്രദ്ധിക്കേണ്ടിയിരുന്നു.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ടിയാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഷൂട്ടിംഗ് അത്ര ബുദ്ധിമുട്ടിയേറിയത് ആയിരുന്നില്ല. എന്നാല്‍ പ്രീപ്പറേഷന്‍ വര്‍ക്കുകള്‍ ആയാസകരമായിരുന്നു. ഈ ചിത്രം എന്നെ കൂടുതല്‍ കരുത്തയായ വ്യക്തിയാക്കി. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്നെ ആന്തരികമായും വളര്‍ത്തിയിട്ടുണ്ട്. അഭിമുഖത്തില്‍ കങ്കണ വ്യക്തമാക്കി.
ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ചിത്രത്തിന്റെ പുറത്ത് വന്ന ട്രൈലെര്‍ മികച്ച പ്രതികരണം നേടിയിരുന്നു. കമല്‍ ജെയിന്‍, നിഷാന്ത് പിറ്റി എന്നവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 25 ന് റിലീസ് ചെയ്യും.