കാശ്മീരിൽ നടത്തിയ യാത്രയ്ക്കിടെ തന്നെ ഏറെ ആകർഷിച്ച ‘അമൃതേശ്വര ഭൈരവൻ’ എന്ന ശിവരൂപം ഒടുവിൽ സ്വന്തമാക്കി നടൻ മോഹൻലാൽ. ശിൽപിയെ കൊണ്ട് പറഞ്ഞ് ചെയ്യിപ്പിച്ച ഈ ശിൽപം ഇനി താരത്തിന്റെ വീടിന് കൂടുതൽ അലങ്കാരമേകും. ശ്രീനഗറിലെ കൽമണ്ഡപത്തിൽ കണ്ട അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് മോഹൻലാൽ തടിയിൽ പണിയിച്ചിരിക്കുന്നത്.
പുതിയ ഫ്‌ലാറ്റിൽ സ്ഥാപിക്കാനായാണ് താരം ഈ ശിൽപം പണിയിപ്പിച്ചത്. വെള്ളറട നാഗപ്പൻ എന്ന അതുല്യ പ്രതിഭയാണ് ശിൽപം പണിതത്. വർഷങ്ങൾക്കുമുൻപ് നടത്തിയ യാത്രയ്ക്കിടെയാണ് നാലുകൈകളാൽ സ്വയം അമൃതാഭിഷേകം ചെയ്യുന്ന ശിവഭഗവാന്റെ പ്രതിഷ്ഠ മോഹൻലാലിന്റെ മനസിലുടക്കിയത്.
കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങൾ. ഇടതുകൈയിൽ അമൃതമുദ്രയും വലതുകൈയിൽ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രാഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്.
നേരത്തേ, നാഗപ്പൻ 14 അടിയുള്ള വിശ്വരൂപശിൽപം മോഹൻലാലിന് നിർമിച്ചുനൽകിയതും വാർത്തയായിരുന്നു.
Discussion about this post