ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് വട്ട്; ലെനയെ വിളിച്ച് വരുത്തണം; കുട്ടികൾക്ക് ക്ലാസെടുക്കാൻ പറയണം: സുരേഷ് ഗോപി

നടി ലെനയുടെ പരാമർശങ്ങളിൽ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നടക്കുന്നതിനിടെ താരത്തെ പിന്തുണച്ച് സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നും ലെനയെ വിളിച്ച് വരുത്തി കുട്ടികൾക്ക് ക്ലാസ് എടുക്കുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

പലർക്കും വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും സുരേഷ് ഗോപി വിമർശിച്ചു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് താരം ലെനയെ പിന്തുണച്ചത്.

ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് പറയാനുള്ളത്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

ALSO READ- ‘ജനവിധി ഞങ്ങൾ വിനയപൂർവ്വം അംഗീകരിക്കുന്നു, പ്രത്യശാസ്ത്രപരമായ പോരാട്ടം തുടരും; തെലങ്കാനയിലെ ജനങ്ങളോട് നന്ദി’: രാഹുൽ ഗാന്ധി

ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്ഷൻ സെഷൻ ഇവിടെ വയ്ക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്നും കിളി പോയെന്നും പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

കെട്ടുപോകാതെ മനസിന് എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ജഗ്ഗി വാസുദേവിനെപ്പോലെയൊക്കെയുള്ള അൻപത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ കവചസൃഷ്ടിക്കുവേണ്ടി ഇന്ററാക്ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും, ഒരാൾപോലും പാഴാവാതെ രാജ്യത്തിന്റെ വമ്പൻ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം- എന്നും അദ്ദേഹം പറയുന്നു.

Exit mobile version