മലയാള സിനിമയെ റിവ്യൂ ചെയ്ത് തിയറ്ററുകളിൽ പരാജയപ്പെടുത്തുകയാണെന്ന തരത്തിലെ ചർച്ചകൾ നടക്കുന്നതിനിടെ അഭിപ്രായം വ്യക്തമാക്കി നടൻ മമ്മൂട്ടി രംഗത്ത്. റിവ്യൂ നിർത്തിയത് കൊണ്ടൊന്നും സിനിമ രക്ഷപെടാൻ പോകുന്നില്ലെന്ന് മമ്മൂട്ടി കാതൽ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ പറഞ്ഞു.
സിനിമയുടെ റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടതെന്നു പറഞ്ഞ മമ്മൂട്ടി റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കുമാണ് പോകുന്നതെന്നും വ്യക്തമാക്കി. കൂടാതെ, സിനിമ റിവ്യൂവും റോസ്റ്റിങ്ങും രണ്ടും രണ്ടാണെന്നും താരം വിശദീകരിച്ചു.
സിനിമയെ റിവ്യൂ കൊണ്ടെന്നും നശിപ്പിക്കാനാവില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് വരുന്നത്. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടാൻ പോകുന്നില്ല. റിവ്യൂക്കാർ അവരുടെ വഴിക്കും സിനിമ അതിന്റെ വഴിക്കും പോകും. പ്രേക്ഷകർക്ക് ഇഷ്ടമുള്ള സിനിമകളാണ് അവർ കാണുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
നമുക്ക് തോന്നണം സിനിമ കാണണോ വേണ്ടയോഎന്ന്. നമുക്ക് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായമായിരിക്കണം. മറ്റൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി എന്നും താരം ചൂണ്ടിക്കാണിച്ചു.
റിവ്യുവും റോസ്റ്റിങ്ങും രണ്ടാണ്. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സിനിമകളെ റോസ്റ്റിങ് ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ജ്യോതിക നായികയായി എത്തുന്ന ചിത്രം നവംബർ 23നാണ് റിലീസ്.
ALSO READ- സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കും: വനിതാകമ്മീഷൻ
വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജിയോ ബേബിയാണ് സംവിധാനം ചെയ്യുന്നത്.