സ്ത്രീവിരുദ്ധ പരാമർശം; നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കും: വനിതാകമ്മീഷൻ

ചെന്നൈ: സിനിമാ നടിമാരേയും കിടപ്പറ രംഗങ്ങളേയും ബന്ധപ്പെടുത്തി സംസാരിച്ച് വിവാദത്തിലായ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. നടന്റെ സ്ത്രീവിരുദ്ധപരാമർശം വലിയ ചർച്ചയായ സാഹചര്യത്തിലാണ് നടപടി.

ഇതിനിടെ, നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തിൽ ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു) കേസെടുത്തു. ഐപിസി സെക്ഷൻ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാൻ ചെന്നൈ ഡിജിപിയോട് നിർദേശിച്ചതായും കമ്മിഷൻ അറിയിച്ചു.

എൻസിഡബ്ല്യു ചെയർപഴ്‌സൻ രേഖ ശർമ, വനിതാ ശിശു വികസന മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം, ചെന്നൈ പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് എക്‌സ് പോസ്റ്റിലൂടെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

അതേസമയം, തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖർ നടനെതിരേ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. വിജയ്യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിനിടെയായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം.

നായികമാരെ കിക്കയിലേക്ക് വലിച്ചിടാനായില്ലെന്ന തരത്തിൽ തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു മൻസൂർ അലിഖാൻ പരാമർശം നടത്തിയത്. ഇതോടെ തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്.

ALSO READ- യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആവര്‍ത്തിച്ച് കുടുംബം, മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും ഇയാൾ മനുഷ്യരാശിക്ക് തന്നെ നാണക്കേടാണെന്നും തൃഷ വ്യക്തമാക്കിയിരുന്നു. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്ബുവും പറഞ്ഞു.

ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും ഖുശ്ബു അറിയിച്ചു.

Exit mobile version