നടി തൃഷക്കെതിരെ നടത്തിയ അപകീർത്തി പരാമർശം വിവാദമയാതോടെ വിശദീകരണവുമായിനടൻ മൻസൂർ അലിഖാൻ. തമാശരീതിയിലുള്ള പരാമർശമായിരുന്നു തന്റേതെന്നാണ് താരം പ്രതികരിച്ചത്. ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിധരിക്കുകയായിരുന്നുവെന്നും മൻസൂർ അലിഖാൻ പറഞ്ഞു.
‘മനുഷ്യനെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരും. എന്റെ വ്യക്തിത്വത്തെ ഇങ്ങനെ ചോദ്യം ചെയ്യേണ്ടതില്ല. എനിക്കെതിരെയുള്ള അപകീർത്തിപ്രചാരണമല്ലാതെ ഇതിൽ മറ്റൊന്നുമില്ല. മനുഷ്യരാശിക്ക് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. തമിഴ് ജനതയ്ക്ക് എന്നെ അറിയാം. ഞാനാരാണെന്നും എന്താണെന്നും എല്ലാവർക്കും അറിയുന്ന കാര്യമാണ്.’- സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ മൻസൂർ പറഞ്ഞു.
ലിയോ സിനിമയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവെന്നാണ് നടന്റെ വിവാദ പരാമർശം. അത്തരം ഒരു സീൻ ഉണ്ടായില്ലെന്നും മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാൻ പറഞ്ഞത്.
ഇതിനെതിരെ രൂക്ഷമായാണ് തൃഷയും സംവിധായകൻ ലോകേഷ് കനകരാജും പ്രതികരിച്ചത്. തന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിതെന്ന് തൃഷ പറഞ്ഞു. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞിരുന്നു.
അതേസമയം, സഹപ്രവർത്തകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പ്രതികരിച്ചു. എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, കലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു.