ലിയോ സിനിമ വൻ ഹിറ്റ് ആയതിന് പിന്നാലെ വിടാതെ പിന്തുടർന്ന് വിവാദം. ചിത്രത്തിലെ നായിക തൃഷയെ കുറിച്ച് അശ്ലീല പരാമർശം നടത്തി നടൻ മൻസൂർ അലിഖാനാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ലിയോ സിനിമയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവെന്നാണ് നടന്റെ വിവാദ പരാമർശം. അത്തരം ഒരു സീൻ ഉണ്ടായില്ലെന്നും മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ മൻസൂർ അലിഖാൻ പറഞ്ഞത്.
പക്ഷേ സെറ്റിൽ തൃഷയെ ഒന്ന് കാണാൻ പോലുമായില്ല. ഖുശ്ബു, റോജ തുടങ്ങിയ അഭിനേതാക്കൾ അഭിനയിച്ച പഴയ തമിഴ് സിനിമകളിലെ ബലാത്സംഗ രംഗം ലിയോയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മൻസൂർ പറഞ്ഞിരുന്നു,
ഇതിനെതിരെ രൂക്ഷമായാണ് തൃഷയും സംവിധായകൻ ലോകേഷ് കനകരാജും പ്രതികരിച്ചത്. തന്നെക്കുറിച്ച് മൻസൂർ അലി ഖാൻ മോശവും അശ്ലീലവുമായ രീതിയിൽ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിതെന്ന് തൃഷ പറഞ്ഞു.
അയാൾക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാൾക്കൊപ്പം സ്‌ക്രീൻ പങ്കിടാത്തതിൽ എന്നെന്നും കടപ്പെട്ടിരിക്കും. അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു.
സഹപ്രവർത്തകന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിരാശനാണെന്നും രോഷം തോന്നിയെന്നും ലോകേഷ് പ്രതികരിച്ചു. എല്ലാ മേഖലയിലും സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ, കലാകാരന്മാർ, പ്രൊഫഷനലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാകാത്ത ഒന്നായിരിക്കണമെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു.
സംഭവത്തിൽ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ അപലപിക്കപ്പെടേണ്ടതാണ് എന്ന് ചിന്മയി പറഞ്ഞു. ചില പുരുഷന്മാർ ഒരു സ്ത്രീയെ അപമാനിക്കുന്നതോ അവളെക്കുറിച്ച് ഏറ്റവും അനാദരവോടെ സംസാരിക്കുന്നതോ തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതുന്നുണ്ടെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു അഭിപ്രായപ്പെട്ടു.