തൃശൂര്‍: നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിന്റെ ക്യാമറമാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ ഛായഗ്രാഹകന്‍ വേണുവിനെ മാറ്റി. ഇതേത്തുടര്‍ന്ന് ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസില്‍ പരാതി നല്‍കി.
തൃശ്ശൂരില്‍ ഒരു മാസമായി നടക്കുന്ന ഷൂട്ടിംഗിന് ശേഷമാണ് വേണുവിനെ മാറ്റി ഇരട്ട എന്ന ചിത്രത്തിന്റെ ക്യാമറമാന്‍ വിജയിയെ ക്യാമറമാനാക്കിയത്. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ മാറ്റാന്‍ കാരണമെന്നാണ് ജോജു പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ജോജുവുമായി വേണു തൃശ്ശൂര്‍ പോലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ കനത്ത വഴക്ക് ഉണ്ടാകുകയും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്നാണ് വേണുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ ജോജു തീരുമാനിച്ചത്. തനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി പ്രശ്നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജു പറയുന്നത്. വേണുവിന്റെയും സഹായികളുടെയും മുഴുവന്‍ പ്രതിഫലം നല്‍കിയെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണ വിഭാഗം പറയുന്നത്.
അതേസമയം തൃശ്ശൂരില്‍ ഹോട്ടലില്‍ താമസിക്കുന്ന തന്നെ ചില ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി വേണു പോലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച തൃശ്ശൂര്‍ ഈസ്റ്റ് പോലീസിലാണ് വേണു പരാതി നല്‍കിയത്. തൃശ്ശൂര്‍ വിട്ടില്ലെങ്കില്‍ വിവരം അറിയുമെന്നാണ് ഭീഷണി വന്നതെന്നാണ് വേണു പരാതിയില്‍ പറയുന്നത്. പോലീസ് ഫോണ്‍ കോളുകള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.