‘ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞു; സിനിമ, തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു’: അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യയിലാകെ തരംഗ തീര്‍ത്ത സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന പ്രഖ്യാപനവുമായി രംഗത്ത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും അത് സ്വയം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അല്‍ഫോണ്‍സ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

ഇനി ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.”ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും ചെയ്യുന്നത് തുടരും. ചിലപ്പോള്‍ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്കു വേറെ മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത ഒരു വാഗ്ദാനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യം മോശമാകുമ്പോള്‍ ഇന്റര്‍വല്‍ പഞ്ചില്‍ വരുന്നതുപോലുള്ള ട്വിസ്റ്റുകള്‍ ജീവിതത്തില്‍ സംഭവിക്കും.”- ഇന്‍സ്റ്റഗ്രാമില്‍ സംവിധായകന്‍ കുറിച്ചതിങ്ങനെ.

പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ അദ്ദേഹം ഈ കുറിപ്പ് പിന്‍വലിച്ചു. അതേസമയം, അല്‍ഫോണ്‍സിന് ആശ്വാസവാക്കുകളും പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ശക്തമായി തന്നെ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അല്‍ഫോന്‍സ് പുത്രനെ പ്രചോദിപ്പിക്കുകയാണ് ആരാധകര്‍. കൂടാതെ, സ്വയമൊരു തീരുമാനമെടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കൃത്യമായി രോഗ നിര്‍ണയം നടത്തണമെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്.

ALSO READ- പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു

പോസ്റ്റ് ചര്‍ച്ചയായതോടെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തന്നെ അല്‍ഫോന്‍സ് നീക്കം ചെയ്തതും ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്.അതേസമയം, ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അല്‍ഫോന്‍സിന്റെ പുതിയ പ്രഖ്യാപിച്ചിരിക്കുന്ന പ്രോജക്ട്. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും അല്‍ഫോന്‍സാണ്. ഡാന്‍സ് കൊറിയോഗ്രാഫറായ സാന്‍ഡിയാണ് നായകന്‍. റോമിയോ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം രാഹുലാണ് നിര്‍മിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിനായി സംഗീതം.

Exit mobile version