കേരളത്തില്‍ വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്നതിനിടെ ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ് കേരളത്തില്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്. ഇതിനിടെ പാലക്കാട് വെച്ച് തിയേറ്റര്‍ വിസിറ്റിനിടെ ലോകേഷിന് കാലിന് പരിക്കുമേറ്റു.
ലിയോ ചിത്രം ആഘോഷമാക്കാനായി പാലക്കാട് അരോമ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. പരുക്കേറ്റ ലോകേഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെന്നിന്ത്യയിലാകെ ചിത്രത്തിന് വലിയ വരവേല്‍പാണ് ലഭിച്ചത്. റിലീസായ തിയേറ്ററുകളിലെല്ലാം മികച്ച രീതിയിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ ഒരു ചിത്രത്തിന് ഇത്ര വലിയ ഓപ്പണിംഗ് കിട്ടുന്നതും ലിയോയ്ക്കാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ എത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിനെ കാണാന്‍ തിയേറ്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പാലക്കാട് അരോമ തിയേറ്ററില്‍ ലോകേഷിനെ വരവേല്‍ക്കാന്‍ വലിയ രീതിയില്‍ തന്നെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിരുന്നു. എന്നിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹവും തിക്കും തിരക്കുമാണ് തിയേറ്ററിലുണ്ടായത്.
പ്രേക്ഷകരുടെ സ്‌നേഹപ്രകടങ്ങള്‍ അതിരുകടന്ന തിരക്കിലേക്ക് വഴിമാറിയതോടെയാണ് ലോകേഷിന്റെ കാലിനു പരിക്കേറ്റത്. ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയും ചെയ്തു. കാലിന് പരിക്കേറ്റ സംവിധായകന്‍ ലോകേഷ് കനകരാജ് മറ്റു പരിപാടികള്‍ റദ്ദാക്കി തിരികെ മടങ്ങിയിരിക്കുകയാണ്.
ഇന്ന് നടത്താനിരുന്ന തൃശൂര്‍ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റര്‍ വിസിറ്റുകള്‍ ഒഴിവാക്കി. കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തില്‍ നടത്താനായി എത്തിച്ചേരുമെന്നും ലോകേഷ് അറിയിച്ചു.
അതേസമം, അവധി ദിവസമായ ഇന്നും ഹൗസ്ഫുള്‍ ഷോകളുമായി റെക്കോര്‍ഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ്, തൃഷ എന്നിവര്‍ക്ക് പുറമെ ലിയോയില്‍ സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു.
Discussion about this post