ക്രിക്കറ്റ് ലോകത്തെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധക ലക്ഷങ്ങളെ സമ്പാദിച്ച താരമാണ് വെസ്റ്റിന്‍ഡീസ് ബാറ്റര്‍ കിസ് ഗെയ്ല്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരത്തിന് ഇന്നും ഇന്ത്യയിലടക്കം നിരവധി ആരാധകരുണ്ട്. ഐപിഎല്ലിലെ മത്സരങ്ങളിലെ താരത്തിന്റെ പ്രകടങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.
2019ല്‍ ക്രിക്കറ്റ് ലോകത്തോട് വിടപറഞ്ഞ താരം പിന്നീട് സംഗീത ലോകത്തേക്ക് അഎത്തിയിരുന്നു.2020ല്‍ ‘വി കം ഔട്ട് ടു പാര്‍ട്ടി’ എന്ന മ്യൂസിക് വിഡിയോ ഇറക്കിയാണ് ഗെയ്ല്‍ പ്രേക്ഷകരെ കൈയ്യിലെടുത്തത്. ഇപ്പോഴിതാ 2022ല്‍ ചെയ്ത ‘ട്രോപ്പിക്കല്‍ ഹൗസ് ക്രൂസസ് ടു ജമൈക്ക: ദ ഏഷ്യന്‍ എഡിഷന്‍’ എന്ന സംഗീത ആല്‍ബവുമായി ഗ്രാമി അവാര്‍ഡ് പ്രതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഗെയ്ല്‍.
ഈ ആല്‍ബം ഇത്തവണത്തെ ഗ്രാമി അവാര്‍ഡിന് അയച്ചിരിക്കുകയാണ് ഗെയ്ല്‍. തങ്ങള്‍ക്കുവേണ്ടി ഒരു ആല്‍ബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയില്‍ നിന്നുള്ള ബില്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തന്നെ സമീപിക്കുകയായിരുന്നു എന്നാണ് ഗെയ്ല്‍ പറയുന്നത്.
ഗിമ്മീ യുവര്‍ ലവ്, ചോക്കോ ലോക്കോ റീമിക്‌സ് എന്നീ രണ്ടു ഗാനങ്ങളാണ് ക്രിസ് ഗെയ്ല്‍ ആല്‍ബത്തില്‍ ആലപിച്ചത്. ഗ്രാമി പുരസ്‌കാര ജേതാവ് ലോറിന്‍ ഹില്‍, മോര്‍ഗന്‍ ഹെറിറ്റേജ്, കേപ്പിള്‍ട്ടണ്‍, സിസ്സ്‌ല എന്നിവരും ആല്‍ബത്തില്‍ പാടിയിട്ടുണ്ട്.
ഗ്രാമി നാമനിര്‍ദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് താരം പ്രതീക്ഷ പങ്കിട്ടിരിക്കുന്നത്.കോവിഡ് ലോക്ഡൗണ്‍ കാലത്താണ് സംഗീതത്തിലേക്കുള്ള യാത്ര തുടങ്ങിയതെന്നും ഇതെന്റെ എക്കാലത്തെയും സ്വപ്നമായിരുന്നെന്നും താരം പറയുന്നുണ്ട്.
സ്‌റ്റൈലോ ജി എന്ന യുകെയില്‍ കലാകാരനാണ് തന്നെ പ്രചോദിപ്പിച്ചതെന്നും ഇന്ന് തനിക്ക് സ്വന്തമായി ‘ട്രിപ്പിള്‍ സെഞ്ച്വറി റെക്കോര്‍ഡ്‌സ്’ എന്ന പേരില്‍ മ്യൂസിക് ലേബലും സ്വന്തമായി സ്റ്റുഡിയോയുമുണ്ടെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു.
ഇന്ത്യന്‍ കലാകാരന്മാരായ എമിവേ ബന്തായ്, ആര്‍കോ എന്നിവരുമായി വിജയകരമായി സഹകരിച്ചു. ഇപ്പോള്‍ ഷാഗി, സീന്‍ പോള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ബോളിവുഡില്‍ അഭിനയിക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ജമൈക്കയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നതിന് ജമൈക്കന്‍ സര്‍ക്കാറിന്റെ സാംസ്‌കാരിക അംബാസഡറായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.