കൊല്ലം: മലയാള സിനിമയ്ക്ക് ഒരു അനശ്വരനടനെ കൂടി നഷ്ടമായിരിക്കുകയാണ്. നടന്‍ കുണ്ടറ ജോണിയുടെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്. വില്ലന്‍ വേഷങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ നടനായിരുന്നു ജോണി. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജോണി വിട പറഞ്ഞത്.
വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി കോമഡി കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു കുണ്ടറ ജോണി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ ജോണി വേഷമിട്ടിട്ടുണ്ട്.
കിരീടത്തിലെ പരമേശ്വരന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വില്ലന്‍ വേഷങ്ങളാണ് ചെയ്‌തെങ്കിലും ജീവിതത്തില്‍ നൈര്‍മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു ജോണിയെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പ്:
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചു. സിനിമകളില്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തതെങ്കിലും ജീവിതത്തില്‍ നൈര്‍മല്ല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹ സമ്പന്നനായ പച്ചമനുഷ്യന്‍ ആയിരുന്നു. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികള്‍.