ജനങ്ങളില്‍ അച്ചടക്കം വളര്‍ത്തണം; ഡിഗ്രി പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണം: കങ്കണ റണാവത്ത്

രാജ്യത്തെ ജനങ്ങളില്‍ നിന്ന് മടിയും ഉത്തരവാദിത്വമില്ലായ്മയും ഒഴിവാക്കാനായി അച്ചടക്കം വളര്‍ത്തണമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇതിനായി ഓരോ വിദ്യാര്‍ത്ഥിക്കും ബിരുദപഠനത്തിന് ശേഷം സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ ചെയ്താല്‍ ജനങ്ങളില്‍ അച്ചടക്കമുണ്ടാവുമെന്നും ഒരു ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടു. ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൈനികപരിശീലനം നിര്‍ബന്ധമാക്കിയാല്‍ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളില്‍ നിന്ന് നമുക്ക് മോചിതരാവാമെന്നാണ് താരം പറഞ്ഞത്.

അതേസമയം, എതിര്‍പക്ഷത്ത് നില്‍ക്കുന്ന രാജ്യങ്ങളില്‍ തങ്ങളുടെ സമകാലികരുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും താരം വിമര്‍ശിച്ചു. ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പെരുമാറ്റത്തെ സൈനികര്‍ ചോദ്യം ചെയ്യുന്നത് താന്‍ കേട്ടിട്ടുണ്ടെന്നാണ് കങ്കണ പറയുന്നത്.

‘ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍, ക്രിക്കറ്റ് കളിക്കാര്‍ അവരെ കെട്ടിപ്പിടിക്കുമ്പോള്‍ അവരെ ശത്രുക്കളായി കരുതുന്നത് താന്‍ മാത്രമാണോയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത തനിക്ക് മാത്രമാണോയെന്നും സൈനികര്‍ ചോദിക്കും.’- എന്നാണ് കങ്കണ പറഞ്ഞത്.

ALSO READ- മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞില്ല, സൂക്ഷിച്ചത് 4 മാസം, ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാരം തുടങ്ങി

തന്റെ പുതിയ ചിത്രമായ തേജസിന്റെ പ്രമോഷന്റെ ഭാഗമായാണ് കങ്കണയുടെ അഭിപ്രായ പ്രകടനം. എയര്‍ഫോഴ്‌സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സര്‍വേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ആശിഷ് വിദ്യാര്‍ഥിയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Exit mobile version