കേരളത്തിനെ പിടിച്ചുകുലുക്കിയ 2018ലെ നൂറ്റാണ്ടിന്റെ പ്രളയത്തിൽ നിന്നും അതിജീവിക്കുന്ന കേരളീയരുടെ കഥപറഞ്ഞ 2018 എന്ന ചിത്രത്തിന് അംഗീകാരം. 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തിരഞ്ഞെടുത്തു.
മലയാളികൾ ഈ നൂറ്റാണ്ടിൽ അനുഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു 2018. ചിത്രത്തിൽ പ്രളയകാലത്തെ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യവത്കരിച്ചത്.
30 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ചിത്രത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു.
‘2018’ മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ‘കാവ്യ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
അഖിൽ പി ധർമജൻ സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ്.
ഈ ചിത്രത്തിലെ അഭിനയത്തിന് നടൻ ടൊവിനോയ്ക്ക് മികച്ച ഏഷ്യൻ നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് പുരസ്‌കാരമാണ് ടൊവിനോ നേടിയത്.