സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ വെച്ച് സ്ത്രീവിരുദ്ധ പരാമർശവും അവാർഡിനെ അവഹേളിക്കുന്ന പാരമർശവും നടത്തിയ നടൻ അലൻസിയറിനെതിരെ വിമർശനവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അലൻസിയറിന് അവാർഡിന് എതിരെ അങ്ങനെയൊരഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ധ്യാൻ പ്രതികരിച്ചു.
നദികളിൽ സുന്ദരി യമുന എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. അലൻസിയർ വളരെ അടുത്ത സുഹൃത്തും ജ്യേഷ്ഠതുല്യനുമാണ്. പക്ഷേ അത്തരമൊരു അഭിപ്രായമുണ്ടെങ്കിൽ ബഹിഷ്‌കരിക്കുക എന്ന് പറയുന്നത് പോലെ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ധ്യാൻ വ്യക്തമാക്കി.
ഇത് പറയാൻ വേണ്ടി അവിടെ പോയപോലെയാണ് തനിക്ക് തോന്നുന്നത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് പലർക്കും ഒന്ന് ആളാവാനും ഷൈൻ ചെയ്യാനും ഒക്കെ തോന്നും. ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. അതെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധ്യാൻ പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയിൽ നടന്നത്. അപ്പൻ സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമാണ് അലൻസിയറിന് ലഭിച്ചത്.
‘നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്‌പെഷ്യൽ ജൂറി അവാർഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്‌പെഷ്യൽ ജൂറിക്ക് സ്വർണം പൂശിയ പ്രതിമ തരണം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’, അലസിയറിന്റെ വിവാദമായ വാക്കുകളിങ്ങനെ.
സംഭവത്തിൽ വലിയ വിമർശനം ഉയർന്നെങ്കിലും താനതിൽ ഉറച്ച് നിൽക്കുന്നെന്നും ഒന്നും മാറ്റിപ്പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അലൻസിയർ വ്യക്തമാക്കിയിരുന്നു.