സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തില്‍ അടിമുടി അഴിച്ചുപണി. നടന് ധ്രുവനെ മാറ്റിയതിന് പിന്നാലെ ക്യാമറാമാന് അടക്കമുള്ളവരെ ചിത്രത്തില്‍ നിന്ന് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ക്യാമറാമാന് ഗണേഷ് രാജവേലു, കലാസംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റും ഡിസൈനര്‍ അനു വര്ദ്ധന് തുടങ്ങിയവരെയാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്പായി മാറ്റിയിരിക്കുന്നത്.
ഒഴിവാക്കപ്പെട്ട ധ്രുവന് പകരം ഉണ്ണിമുകുന്ദന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
അതേസമയം, സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ക്യാമറാമാന് ഗണേഷ് രാജവേലു പറഞ്ഞു. സംഭവത്തില്‍ സതേണ്‍ ഇന്ത്യ സിനിമാറ്റോഗ്രഫി അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന് ശേഷം സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് വെളിപ്പെടുത്തുമെന്നും ഗണേഷ് പറഞ്ഞു. പ്രമുഖ ക്യാമറാമാന് മനോജ് പിളളയാണ് ഗണേഷിന് പകരക്കാരന്.
കലാ സംവിധായകന് സുനില്‍ ബാബുവിന് പകരക്കാരനായി മോഹന്‍ദാസും കോസ്റ്റും ഡിസൈനര്‍ അനു വര്ദ്ധന് പകരമായി എസ്പി സതീഷും ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഒടിയനില്‍ സംവിധായകനെ സഹായിച്ച എംപത്മകുമാറും മാമാങ്കത്തിലെ പുതിയ സംഘത്തില്‍ ചേരുമെന്നാണ് വിവരം.
ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും. ചിത്രീകരണത്തിനു മുന്നോടിയായുള്ള മിനുക്കു പണികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഘട്ടം മംഗലാപുരത്തു വെച്ചും രണ്ടാംഘട്ടം എറണാകുളത്തു വെച്ചുമായിരുന്നു. എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് വീരന്മാരായ ചാവേറുകള്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് മാമാങ്കം പറയുന്നത്.
Discussion about this post