കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍ നിന്ന് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ചന്തു നായക് എന്ന അതിഥി തൊഴിലാളി. ഫോര്‍ട്ട് കൊച്ചിയിലെ ചായക്കടയില്‍ തൊഴിലാളിയായി എത്തിയ ഒഡീഷ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ നേരത്തെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒഡീഷയിലെ നിര്‍ധന കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഒരാളാണ് ചന്തു നായക്. ചെറുപ്പകാലം തൊട്ടെ അഭിനയ മോഹം കൂടെ കൊണ്ടു നടന്നിരുന്നു. എന്നാല്‍, ചന്തുവിനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 12ാം വയസില്‍ ഒഡീഷനില്‍ പങ്കെടുക്കാന്‍ ചന്തു വീട്ടില്‍ നിന്നും മോഷ്ടിച്ച 400 രൂപയുമായി ഭുവനേശ്വറിലേക്ക് വണ്ടികയറി. എന്നാല്‍ ഫലമുണ്ടായിരുന്നില്ല.
നിരധി ഒഡീഷനുകളില്‍ പങ്കെടുത്തെങ്കിലും, പണമില്ലാത്തതിനാല്‍ പലയിടങ്ങളില്‍ നിന്നും ചന്തുവിന് അവസരം നഷ്ടപ്പെട്ടു. പിന്നീട് തൊഴില്‍ തേടി സുഹൃത്തിനൊപ്പം ഫോര്‍ട്ടു കൊച്ചിയിലെത്തി. എട്ടാം ക്ലാസുകാരനായ ചന്തു ഫോര്‍ട്ട് കൊച്ചി സ്റ്റാച്യൂ ജങ്ഷനിലെ സ്റ്റീഫന്‍സ് ടീ ഷോപ്പില്‍ ജോലിക്കുകയറി. ചായകൊടുക്കലും കടികളുണ്ടാക്കലുമായിരുന്നു പ്രധാന ജോലി.
എന്നിരുന്നാലും ചന്തു അഭിനയ മോഹം ഉപേക്ഷിച്ചിരുന്നില്ല. പിന്നീട് മുബൈയില്‍ നടന്ന ആക്ടിങ് -മോഡലിങ് ഒഡിഷനില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഇതോടെ വീണ്ടും പ്രതീക്ഷയായി.
2022 ഫെബ്രുവരിയില്‍ എല്ലാ സമ്പാദ്യവുമായി വീണ്ടും മുബൈയിലേക്ക് പോയി രാധാകൃഷ്ണ എന്ന സീരിയലിന്റെ ഒഡീഷനില്‍ പങ്കെടുത്തു. സിരീയലില്‍ കൃഷ്ണന്റെ സുഹൃത്തായി അഭിനയിച്ചു. പിന്നീട് 2022 ഡിസംബറില്‍ മുബൈയില്‍ നടന്ന ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്തു. ചന്തുവിന്റെ കഴിവ് തിരിച്ചറിഞ്ഞ സംവിധായകര്‍ ഗുജറാത്തി, ഹിന്ദി സിനിമകളില്‍ അവസരം നല്‍കി.
ബംഗ്ലാദേശ് കോളനി എന്ന ഹിന്ദി സിനിമയില്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചു. പിന്നീട് രണ്ടു വെബ് സീരിസുകളുടെയും ഭാഗമായി. ഇപ്പോഴിതാ, മലയാള സിനിമയില്‍ അവസരം ലഭിച്ചെന്ന് പറയുകയാണ് ചന്തു. ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസാണ് ചന്തു നായകിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
Discussion about this post