16 കോടി രൂപ തട്ടിയെടുത്തു: പ്രശസ്ത സിനിമ നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

ചെന്നൈ: പ്രശസ്ത തമിഴ് സിനിമ നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊഡക്ഷന്‍സ് ഉടമയായ ചന്ദ്രശേഖര്‍.

2020ലായിരുന്നു പരാതിക്കിടയായ സംഭവം. മുനിസിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഇരുവരും പരിചയത്തിലാകുന്നത്. 2020 സെപ്റ്റംബറില്‍ ഇരുകക്ഷികളും നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000 രൂപ നല്‍കുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദ്രന്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു.

വ്യവസായിയില്‍ നിന്ന് പണം നേടാന്‍ രവീന്ദര്‍ വ്യാജരേഖ ചമച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഒളിവിലായിരുന്നുവെങ്കിലും ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Exit mobile version