പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
രാവിലെ ‘എതിര്‍നീച്ചല്‍’ എന്ന ടിവി സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുകയായിരുന്നു മാരിമുത്തു. രാവിലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുരയിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. മകളും മകനുമുണ്ട്.
തിയറ്ററുകളില്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്ന തമിഴ് ചിത്രം ജയിലറാണ് മാരിമുത്തു അവസാനമായി അഭിനയിച്ചത്. അന്‍പതിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
‘അരണ്‍മനൈ കിളി’ (1993), ‘എല്ലാമേ എന്‍ രസത്തന്‍’ (1995) തുടങ്ങിയ ചിത്രങ്ങളില്‍ രാജ്കിരണിനൊപ്പം പ്രവര്‍ത്തിച്ചു. മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ തുടങ്ങിയ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാക്കളുമായി സഹകരിച്ച് സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.
also read: ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍
സിലംബരശന്റെ ‘മന്മദന്‍’ എന്ന സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു. 1999-ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ വാലി എന്ന ചിത്രത്തിലെ സഹകഥാപാത്രത്തിലൂടെയാണ് മാരിമുത്തു തന്റെ കരിയര്‍ ആരംഭിച്ചത്. പ്രസന്നയും ഉദയതാരയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച കണ്ണും കണ്ണും (2008) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
പിന്നീട് യുദ്ധം സെയ് (2011), കൊടി (2016), ഭൈരവ (2017), കടൈക്കുട്ടി സിങ്കം (2018), ശിവരഞ്ജിനിയും ഇന്നും ശിലാ പെങ്ങളും (2021), എന്നിവയുള്‍പ്പെടെ നിരവധി തമിഴ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.