തെലുങ്ക് സിനിമാ ലോകത്തെ യുവതാരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഖുഷി മികച്ച തിയേറ്റർ പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സംവിധായകൻ ശിവ നിർവാണ ഒരുക്കിയ ചിത്രത്തിലെ നായികയായി എത്തിയത് സാമന്തയാണ്. മയോസിറ്റിസ് അസുഖത്തോട് പൊരുതുന്ന സാമന്തയ്ക്ക് വേണ്ടി ഈ ചിത്രം വിജയിപ്പിക്കണമെന്ന് വിജയ് ദേവരകൊണ്ട റിലീസിന് മുൻപ് പരമാർശിച്ചത് വലിയ വാർത്തയായിരുന്നു.
സെപ്റ്റംബർ ഒന്നിന് റിലീസായ ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി വിജയ് ദേവരകൊണ്ട തിരഞ്ഞെടുത്ത മാർഗത്തെ ആരാധകർ അഭിനന്ദിക്കുമ്പോൾ എതിർപ്പുമായി എത്തിയിരിക്കുകയാണ് സിനിമ വിതരണക്കാർ. ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകർക്ക് സ്നേഹസമ്മാനം കഴിഞ്ഞദിവസമാണ് വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചത്.
തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്നാണ് ദേവരകൊണ്ട പ്രഖ്യാപിച്ചത്. താരത്തിന് ഖുഷിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് തുക കൈമാറുക. സംഭവം വലിയ വാർത്തയായതോടെയാണ് വിജയ് ദേവേരക്കൊണ്ട നായകനായ വേൾഡ് ഫെയ്മസ് ലവർ എന്ന ചിത്രത്തിന്റെ വിതരണക്കാർ നടനോട് ഒരു അഭ്യർഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
തങ്ങൾക്ക് സിനിമ വിതരണം ചെയ്ത വകയിൽ നഷ്ടപ്പെട്ട പണം കൂടി വിജയ് ദേവരകൊണ്ട തിരിച്ചു തരണമെന്ന് വിതരണക്കാരായ അഭിഷേക് പിക്ചേഴ്സ് ട്വീറ്റ് ചെയ്തു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ട്വീറ്റ് ഇങ്ങനെ: ‘പ്രിയപ്പെട്ട വിജയ് ദേവേരക്കൊണ്ട, വേൾഡ് ഫെയ്മസ് ലവർ എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് എട്ട് കോടി നഷ്ടമായി. ഇതുവരെ ആരും പ്രതികരിച്ചില്ല.’
Dear @TheDeverakonda ,
We lost 8 crs in the distribution of #WorldFamousLover, but no one responded over it!!Now as you are donating 1CR to the families with your big heart, Kindly requesting & Hoping for you to save us and our Exhibitors & Distributors families also 🤗❤️… pic.twitter.com/dwFHytv1QJ
— ABHISHEK PICTURES (@AbhishekPicture) September 5, 2023
‘ഹൃദയ വിശാലനായ താങ്കൾ കുടുംബങ്ങൾക്ക് (ആരാധകരുടെ കുടുംബങ്ങൾക്ക്) ഒരു കോടി രൂപ സംഭാവന ചെയ്യുന്നതിനാൽ ഞങ്ങൾ വിതരണക്കാരുടയെും തിയേറ്ററുടമകളുടെയും കുടുംബങ്ങളെ കൂടി സഹായിക്കണം.നന്ദി’
അതേസമയം, അഭിഷേക് പിക്‌ചേഴ്‌സിന്റെ ഈ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. ഒരു സിനിമ പരാജപ്പെടുമ്പോൾ അതിന്റെ ഉത്തരവാദിത്തം നായകന്റെ ചുമലിൽ മാത്രം കെട്ടിവയ്ക്കുന്നതെന്തിന് എന്നാണ് മിക്കവരും ചോദ്യം ചെയ്യുന്നത്. പരാജയത്തിൽ സംവിധായകനും തിരക്കഥാകൃത്തിനും അതിൽ പങ്കില്ലേ എന്നും വിമർശകർ ചോദിക്കുന്നു.
ക്രാന്തി മാധവിന്റെ സംവിധാനത്തിൽ 2020 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ വേൾഡ് ഫെയ്മസ് ലവർ 35 കോടി മുതൽ മുടക്കിലാണ് ഒരുക്കിയത്. എന്നാൽ ചിത്രം വൻ പരാജയമായിരുന്നു. വിജയ് ദേവരകൊണ്ട, ഐശ്വര്യ രാജേഷ്, റാഷി ഖന്ന, കാതറിൻ ട്രെസ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.