ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. ഇന്ത്യയില്‍ മാത്രം ചിത്രത്തിന്റെ കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നും പാവപ്പെട്ട 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സണ്‍ പിക്ചേഴ്സിനെ പ്രതിനിധീകരിച്ച് ശ്രീമതി കാവേരി കലാനിധി അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡിക്കാണ് തുക കൈമാറിയത്. ഇതിലൂടെ പാവപ്പെട്ട 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടക്കും.
ആഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രമാണ് ജയിലര്‍. ആദ്യദിനം മുതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. തമിഴ്‌നാട്- കേരള ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പല റെക്കോര്‍ഡുകളും ജയിലര്‍ മറി കടന്നു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം 600 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.