മലയാള സിനിമയുടെ മെഗാതാരം മമ്മൂട്ടിയുടെ ജന്മദിനത്തിന് മുൻപായി 25000 രക്തദാനം പൂർത്തിയാക്കാനുള്ള ആരാധകരുടെ ക്യാംപെയിൻ തുടരുന്നു. സെപ്റ്റംബർ ഒന്നിനാണ് മമ്മൂട്ടി ആരാധകർ ക്യാംപെയിൻ ആരംഭിച്ചത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം ഏഴായിരം രക്തദാനം നടന്നതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചു. ലോകമെമ്പാടുമായി 25,000 രക്തദാനം നടത്താനാണ് ആരാധകരുടെ പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്ക് പുറത്ത് യുഎഇ, സൗദി അറേബ്യ, കുവെയ്റ്റ്, ആസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലും ആരാധകർ രക്തദാനത്തിന് സന്നദ്ധരായി എത്തുന്നുണ്ട്. പതിനേഴ് രാജ്യങ്ങളിലെ ഫാൻസ് കൂട്ടായ്മകളാണ് രക്തദാന ക്യാമ്പയിന് നേതൃത്വം വഹിക്കുന്നത്.
തിരുവോണനാളിൽ മെഗാ രക്തദാനത്തിന് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസാണ് തുടക്കമിട്ടത്.
also read- ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ യുവതി കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തും മുൻപെ മരണം
കേരളത്തിൽ രക്തദാനം ഈ ആഴ്ച ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുൺ പറഞ്ഞു. ഈ മാസം മുഴുവൻ പല സ്ഥലങ്ങളിലായി ക്യാംപുകൾ ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 7 നാണ് മമ്മൂട്ടിയുടെ ജന്മദിനം. രക്തദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇത്തവണയും ആരാധകർ ജന്മദിനാഘോഷത്തിനായി പതിവുപോലെ തയ്യാറെടുക്കുകയാണ്.