രജനികാന്ത് നായകനായി എത്തിയ ജയിലര്‍ തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സകല റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ടായിരുന്നു ജയിലറിന്റെ വിജയം. എന്നാല്‍ അതിനിടെ ഏതാനും വിവാദങ്ങളും രജനികാന്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാനെത്തിയ രജനികാന്ത് യോഗിയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്.
ചിലര്‍ താരത്തിന്റെ ഉപചാര പ്രകടനത്തെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതെല്ലാം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പകളാണെന്ന് ഹരീഷ് പേരടി പറയുന്നു.
തന്നേക്കാള്‍ പ്രായം കുറഞ്ഞവരുടെ കാലുകള്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ആളാണ് താനെന്നും ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
”മനുഷ്യശരീരത്തിലെ തുല്യ പ്രാധാന്യമുള്ള രണ്ട് അവയവങ്ങളാണ് കയ്യും കാലും…ചെറിയ കുട്ടികള്‍ പിച്ചവച്ച് നടക്കാന്‍ തുടങ്ങിയതിനുശേഷം എത്രയോ കാലം കഴിഞ്ഞാണ്…ഒരു കൈ കൊണ്ട് ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നതും മറു കൈ കൊണ്ട് വിസര്‍ജ്യം കഴുകി കളയുന്നതും. വ്യക്തിത്വം രൂപപ്പെടുന്നതില്‍ കാലുകള്‍ക്ക് കൈകളേക്കാള്‍ കുറച്ച് മൂപ്പ് കൂടുതലാണ്.
ഭൂമിയില്‍ ചവുട്ടി നിന്നതിനുശേഷമാണല്ലോ മറ്റൊരാളുടെ കൈ ഒക്കെ പിടിച്ചു കുലുക്കുന്നത്…എന്തായാലും കൈ കുലുക്കണമോ, കാലില്‍ തൊടണമോ, സല്യൂട്ട് അടിക്കണമോ, മുഷ്ടി ചുരുട്ടി കുലുക്കണമോ..ഇതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്..
ഞാന്‍ കാല് തൊട്ട് അനുഗ്രഹം വാങ്ങിയ കുറച്ച് പേര്‍…കെ.ടി.സര്‍, കുളൂര്‍മാഷ്,മധുമാസ്റ്റര്‍, മമ്മുക്ക, ലാലേട്ടന്‍, തിലകന്‍ ചേട്ടന്‍, നെടുമുടി വേണുചേട്ടന്‍, മാമുക്കോയ സര്‍, ഭരത് ഗോപിസാര്‍ അങ്ങനെ കുറെ പേരുണ്ട്. ഇതില്‍ അറിയപ്പെടാത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സാധാരണ മനുഷ്യരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും കുട്ടികളുമുണ്ട്..
ജീവിതത്തിന്റെ പ്രതിസന്ധികളില്‍ കട്ടക്ക് കൂടെ നിന്ന എന്റെ ഭാര്യ ബിന്ദുവിന്റെ കാലില്‍ തൊട്ട് അവളുടെ സമ്മതമില്ലാതെ ഞാന്‍ അനുഗ്രഹം വാങ്ങിയിട്ടുണ്ട്. ഇത് സത്യമാണ്…കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല..കാലുകളോടൊപ്പം.”-ഹരീഷ് പേരടി പറഞ്ഞു.