സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിന്റെ നോവിലാണ് മലയാളി സിനിമാ പ്രേക്ഷകർ. മലയാള സിനിമാലോകത്തിന് മറക്കാനാകാത്ത സംവിധായക കോംബോയാണ് സിദ്ധിഖ്-ലാൽ. ട്രെൻഡ് സെറ്ററായിരുന്ന നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായക കൂട്ടുകെട്ടായിരുന്നു ഇത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രങ്ങളിലെ കഥയും സംഭാഷണങ്ങളും ഒരിക്കലും പിന്നോട്ടായിരുന്നില്ല.
താരങ്ങളുടെ പ്രശസ്തിയായിരുന്നില്ല സിദ്ധിഖ് ലാൽ സിനിമകളുടെ കെട്ടുറപ്പ് കഥയും തിരക്കഥയുമായിരുന്നു. ഒരുക്കിയ മിക്ക ചിത്രങ്ങളും ഹിറ്റാക്കി മാറ്റിയ സംവിധായകൻ വിടവാങ്ങുമ്പോൾ തീരാനഷ്ടം ഓരോ മലയാളി പ്രേക്ഷകനുമാണ്.
മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമാ ലോകത്ത് സജീവമായിരുന്ന കലാകാരനാണ് സിദ്ധിഖ്. സിദ്ധിഖിനെ കുറിച്ച് പറയുമ്പോഴെല്ലാം കുട്ടിക്കാലം തൊട്ടേ സുഹൃത്തായി കൂടെയുണ്ടായിരുന്ന ലാലിനെ കുറിച്ചും പറയേണ്ടി വരും. സംവിധാകൻ ഫാസിൽ കൊച്ചിൻ കലാഭവനിൽ നിന്നും കണ്ടെത്തിയ കലാകാരന്മാരായിരുന്നു സിദ്ധിഖും ലാലും. മിമിക്രി താരങ്ങളായി തുടരേണ്ടിയിരുന്ന ഇരുവരും സിനിമ കരിയറാക്കിയത് 1986ൽ സത്യൻ അന്തിക്കാട് ചിത്രം പപ്പൻ പ്രിയപ്പെട്ട പപ്പൻ സിനിമയിലൂടെ ലാലിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറിയതോടെയാണ്. സിദ്ധിഖ്, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന ചിത്രത്തിൽ സംവിധാന സഹായിയുമായി. ഫാസിലിന്റെ സിനിമകളിൽ സംവിധാന സഹായിയായി എത്തിയതോടെയാണ് സിദ്ധിഖ് സംവിധാന രംഗത്തേക്ക് തിരിഞ്ഞത്.
ഫാസിലിന്റെ പിന്തുണയിൽ ലാലുമായി ചേർന്ന് സിദ്ധിഖ്-ലാൽ കോംബോയിൽ ചിത്രങ്ങൾ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യാൻ ആരംഭിച്ചു. ഇവരുടെ തന്നെ ചില സിനിമകൾ തമിഴിലേക്കും (ഫ്രണ്ട്‌സ്) ഹിന്ദിയിലേക്കും (ഹൽചൽ)റീമേക്കും ചെയ്തിട്ടുണ്ട്. സൂപ്പർതാരങ്ങളെ വെച്ച് സിനിമയെടുക്കാതെ അത്ര പ്രമുഖരല്ലാത്ത താരങ്ങളെ കഥാപാത്രങ്ങളാക്കിയാണ് തുടക്കകാലത്ത് ഇവർ ഹിറ്റ് സിനിമകൾ ഒരുക്കിയത്.
ഇരുവരുടെയും സംവിധാനത്തിലെത്തിയ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ് ആയിരുന്നു. 1989ൽ റിലീസ് ചെയ്ത, ചിരിക്ക് പ്രാധാന്യം നൽകിയ ഈ ചിത്രത്തിലൂടെ സായ് കുമാർ എന്ന നായകനേയും മലയാള സിനിമയ്ക്ക് ലഭിച്ചു. 1990ൽ ഇൻ ഹരിഹർ നഗർ, 1991ൽ ഗോഡ്ഫാദർ, 1992ൽ വിയറ്റ്‌നാംകോളനി,1993ൽ കാബൂളിവാല തുടങ്ങി തുടർച്ചയായ വർഷങ്ങളിൽ ഹിറ്റ് ചിത്രങ്ങൾ ഇവർ സമ്മാനിച്ചു.
മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കാലം തിയേറ്ററിൽ പ്രദർശിപ്പിച്ചെന്ന റെക്കോർഡ് സ്വന്തമാക്കിയ ഗോഡ്ഫാദർ ചിത്രമാണ് സിദ്ധിഖ്-ലാൽ സംവിധായകരുടെ മാസ്റ്റർപീസ്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ഇവരെ തേടിയെത്തി.
പിൽക്കാലത്ത് സിദ്ദിഖും ലാലും വേർപിരിയുകയും സ്വതന്ത്ര സംവിധായകനായി സിദ്ധിഖ് തുടരുകയും ലാൽ നിർമ്മാണത്തിലേക്കും അഭിനയത്തിലേക്കും തിരിയുകയും ചെയ്തു. ലാൽ നടനായി തിളങ്ങിയപ്പോൾ സിദ്ധിഖ് അഭിനയ ലോകത്തേക്ക് സജീവമാകാതെ സംവിധായകനായി തന്നെ തുടർന്നു.
നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം, മാനത്തെ കൊട്ടാരം, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, ഗുലുമാൽ, മാസ്റ്റർപീസ്, തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലും സിദ്ധിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
1996ൽ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഹിറ്റ്‌ലർ സിനിമയിലൂടെയാണ് സിദ്ധിഖ് സ്വതന്ത്രസംവിധായകനായത്. ഈ ചിത്രത്തിൽ ലാൽ നിർമ്മാണ സഹായിയായി. പിന്നീട് സിദ്ധിഖ് 1999ൽ ഫ്രണ്ട്‌സ് എന്ന ഹിറ്റ് സിനിമ ഒരുക്കി. 2001ൽ ഇതേ പേരിൽ ചിത്രം തമിഴിലും സംവിധാനം ചെയ്തു. പിന്നീട് തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടനേകം സിനിമകൾ സിദ്ധിഖിന്റേതായി പുറത്തുവന്നു. ഇതിനിടെ സിനിമകൾക്ക് കഥകളും, തിരക്കഥകളും എഴുതി. അവസാന ചിത്രം മോഹൻലാലിനെ നായകനാക്കി 2020ൽ സംവിധാനം ചെയ്ത ബിഗ്ബ്രദറാണ്.
2010ൽ ബോഡിഗാർഡ് സിനിമ ദിലീപിനെ നായകനാക്കി മലയാളത്തിൽ ഒരുക്കുകയും തൊട്ടടുത്ത വർഷം തമിഴിൽ വിജയ്‌യെനായകനാക്കി കാവലൻ എന്ന പേരിലും ഇതേകഥ ഹിന്ദിയിൽ സൽമാൻ ഖാനെ നായകനാക്കി ബോഡി ഗാർഡ് എന്ന പേരിൽ തന്നെയും സിദ്ധിഖ് സംവിധാനം ചെയ്തു. തമിഴ്-ഹിന്ദി വേർഷനുകൾ അതതു ഇൻഡസ്ട്രികളിലെ ആ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.
ക്രോണിക് ബാച്ചിലർ, എങ്കൾ അണ്ണ(തമിഴ്),മാരോ, സാധുമിറാൻഡ, ലേഡീസ് ആന്റ് ജെൻഡിൽമാൻ, ഭാസ്‌കർ ദ റാസ്‌കൽ, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. അവസാന രണ്ട് ചിത്രങ്ങളുടേയും സഹനിർമ്മാതാവ് കൂടിയായിരുന്നു സിദ്ധിഖ്. 2016ൽ ലാൽ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത കിംഗ്‌ലയർ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സിദ്ധിഖ് ആയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായത്. പിന്നാലെ രാത്രി 9.15 ഓടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. നാളെ രാവിലെ ഒമ്പത് മുതൽ 12 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പൊതുദർശനം. ശേഷം വീട്ടിലെത്തിക്കുന്ന ഭൗതികദേഹം നാളെ വൈകീട്ട് ആറ് മണിക്ക് സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.
കൊച്ചിയിൽ 1954 ഓഗസ്റ്റ് ഒന്നിന് ഇസ്മായിൽ ഹാജിയുടേയും സൈനബയുടേയും മകനായിട്ടാണ് സിദ്ധിഖ് ജനിച്ചത്. കൊച്ചിയിലെ പ്രാദേശിക സ്‌കൂളുകളിലും കളമശേരി സെന്റ്.പോൾസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1984ൽ ബന്ധുകൂടിയായ സാജിതയെ വിവാഹം ചെയ്തു. സുമയ്യ, സാറ, സുകൂൻ എന്നിങ്ങനെ മൂന്ന് പെൺമക്കളാണ് ദമ്പതികൾക്ക്.