ചെന്നൈ: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്‌കരന്‍. ഒരു സീരിയലിന്റെ ചിത്രീകരണത്തിനായി കേരളത്തില്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് നടി പറഞ്ഞ വാക്കുകളാണ് വൈറല്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതും, സ്ത്രീധന പീഡനം മൂലം യുവതികള്‍ ആത്മഹത്യ ചെയ്യുന്നതും കേരളത്തില്‍ നിത്യ സംഭവമായിരിക്കുന്നു.
ജനങ്ങള്‍ വോട്ട് ചെയ്തു വിജയിപ്പിക്കുന്ന സര്‍ക്കാര്‍ ഇത്തരം പ്രശ്‌നങ്ങളില്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്നത് അപഹാസ്യമാണെന്നും, സ്ത്രീകള്‍ക്ക് സുരക്ഷയുള്ള നാട് തമിഴ്‌നാട് ആണെന്നും നിങ്ങളുടെ കുട്ടികളെ തമിഴ്നാട്ടിലേക്ക് അയച്ചാല്‍ നല്ല കുട്ടികളായി സുരക്ഷിതമായി വളര്‍ത്താമെന്നും ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞു.
ചെറുപ്പക്കാരെ ഇത്തരത്തില്‍ അക്രമികളാക്കി വളര്‍ത്തുന്ന സിസ്റ്റം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. മാതാപിതാക്കള്‍ ഇതിനെതിരെ മുന്നോട്ട് വരണമെന്നും ഐശ്വര്യ വീഡിയോയില്‍ പറയുന്നുണ്ട്. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്.”ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
ഐശ്വര്യയുടെ വാക്കുകള്‍….
‘ഒരു കാര്യം നിങ്ങളോട് പങ്കുവയ്ക്കാന്‍ വേണ്ടിയാണു ഞാന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ചെറുപ്പകാലത്ത് ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം. അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. പക്ഷേ കുറെ നാളുകള്‍ക്ക് മുന്‍പ് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ എന്നെ ശരിക്കും ഭയപ്പെടുത്തി.
തുടര്‍ച്ചയായി ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അവധി കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാര്‍ ഒന്നും ഒഴിവില്ല എന്നാണ്. അങ്ങനെ ഞാന്‍ ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചു.
രാവിലെ എന്റെ നിത്യപൂജകള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് തുടങ്ങുന്നതിനു മുന്‍പ് തിരിച്ചു വരാന്‍ കഴിയും. അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ കാര്യം പറഞ്ഞു. ഞാന്‍ അവിടെ വന്നതു മുതല്‍ എനിക്ക് സഹായത്തിനായി വരുന്ന ആളാണ് അത്. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ സഹായിക്കണം എന്നും പറഞ്ഞു. ഉടന്‍ തന്നെ അവന്‍ എന്നോട് പറഞ്ഞു,
”മാഡം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുത് ഇവിടെ ഒട്ടും സുരക്ഷിതമല്ല”. ഞാന്‍ ചോദിച്ചു, ”നീ എന്താണ് പറയുന്നത് ഞാന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെ”. അപ്പോഴാണ് ഇവിടെ നടന്ന കുറെ കാര്യങ്ങളെക്കുറിച്ച് എന്നോട് അവന്‍ പറയുന്നത്. ഐശ്വര്യ വിശദീകരിച്ചു.
Discussion about this post