തിരുവനന്തപുരം: 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ അലൻസിയർ തനിക്ക് ലഭിക്കുന്ന തുക ഇകെ നയനാർ ട്രസ്റ്റിന് നൽകാനൊരുങ്ങുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
അലൻസിയർ പങ്കെടുത്ത മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിൽ വെച്ചാണ് പ്രഖ്യാപനം നടന്നത്. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് താരത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരിക്കുന്നത്.
‘അലൻസിയറിന്റെ സമ്മാനത്തുക ഇ.കെ. നയനാർ ചാരിറ്റബ്ൾ ട്രസ്റ്റിന്. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ അലൻസിയർ, തന്റെ സമ്മാനത്തുക മേനംകുളം ഇ.കെ.നായനാർ ചാരിറ്റബ്ൾ ട്രസ്റ്റിന് നൽകുമെന്ന് അറിയിച്ചു. ഇന്നു മേനംകുളത്ത് നടന്ന ട്രസ്റ്റിന്റെ ചികിത്സാ സഹായ വിതരണ വേദിയിലാണ് പ്രഖ്യാപനം നടന്നത്’ ഹരി പ്രസാദ് കുറിച്ചതിങ്ങനെ
അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അലൻസിയർ ലോപ്പസിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മാനത്തുക 25,000 രൂപയും പ്രശസ്തി പത്രവുമാണ്. ശരീരം തളർന്ന് കിടക്കുമ്പോഴും വെറുപ്പും വിദ്വേഷവും ചുറ്റുവട്ടത്തേക്ക് പരത്തിക്കൊണ്ട് അണയാത്ത ആസക്തികളുടെ ശമനത്തിനായി ജീവിതത്തിലേക്ക് ആർത്തിയോടെ മടങ്ങിവരാൻ വെമ്പുന്ന ആണഹന്തയുടെ കരുത്തുറ്റ ആവിഷ്കാരമാണ് അലൻസിയർ നടത്തിയതെന്നാണ് ജൂറി പരാമർശിച്ചത്.