മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആരാധകരുടെ മനസിലേക്ക് ചേക്കേറിയ താരമാണ് ദേവനന്ദ. താരം പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്.
ശബരമലയിൽ നിന്നുള്ളൊരു വിഡിയോയും ദേവനന്ദ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. അയ്യപ്പനിൽ ഏറെ വിശ്വസിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് മാളികപ്പുറത്തിൽ അഭിനയിച്ചത്. പത്തു വയസ്സ് പൂർത്തിയാകുന്ന ദേവാനന്ദക്ക് ഇനി വീണ്ടും ശബരിമല സന്ദർശിക്കാൻ നാൽപത് വർഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ദേവനന്ദ പറയുന്നത്.
”ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽ പോയി ഭഗവാനെ കണ്ടപ്പോൾ.”- ശബരിമലയിൽ ദർശനം നടത്തുന്ന വിഡിയോ പങ്കുവച്ച് ദേവനന്ദ കുറിച്ചതിങ്ങനെ.
ഉണ്ണി മുകുന്ദൻ നിർമ്മിച്ച് അദ്ദേഹം തന്നെ നായകനായെത്തിയ ചിത്രമായിരുന്നു മാളികപ്പുറം. ഈ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കുഞ്ഞു താരമാണ് ദേവനന്ദ. ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ ദേവനന്ദയ്ക്ക് ആരാധകർ ഏറെയാണ്.
തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ ദേവനന്ദ മൈ സാന്റാ, മിന്നൽ മുരളി, ഹെവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നാലാം ക്ലാ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.