ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറെ ശ്രദ്ധേയമായ പുരസ്‌കാരമായിരുന്നു മികച്ച ബാലതാരത്തിനുള്ളത്. പതിവിൽ നിന്നും വ്യത്യസ്തമായി കടുത്ത മത്സരം നടന്ന വിഭാഗം കൂടിയായിരുന്നു ഇത്. അതേസമയം, മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചപ്പോൾ സ്‌കൂളിലായിരുന്നു പുരസ്‌കാര ജേതാവeയ തന്മയ സോൾ.
എല്ലാവരും ടിവിയിലൂടെയും മറ്റും അവാർഡ് വിവരം അറിഞ്ഞപ്പോൾ ഇതൊന്നും അറിയാതിരുന്ന ആളുകൂടിയായിരുന്നു ഈ പുരസ്‌കാരജേതാവ്. മികച്ച ബാലനടിക്കുള്ള പുരസ്‌കാരം നേടിയതറിയാതെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് നടന്നുവരുന്ന തന്മയയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് ടൊവിനോ നായകനായ വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. അരക്ഷിതവും സംഘർഷഭരിതവുമായ ഗൃഹാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടനമികവിന് എന്നാണ് തന്മയയുടെ പ്രകടനത്തേക്കുറിച്ച് ജൂറി വിലയിരുത്തിയത്.
അതേസമയം പുരസ്‌കാര വിവരമൊന്നും അറിയാതെ സ്‌കൂൾവിട്ട് വീട്ടിലേക്ക് വരുന്ന തന്മയയെയാണ് വീഡിയോയിൽ കാണാനാകുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജിഷ്ണു വിജയനാണ് താരത്തിന്റെ ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
‘മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് അറിയാതെ പതിവ് പോലെ സ്‌കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന ഞങ്ങളുടെ സ്വന്തം കുഞ്ഞി എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.’
പുരസ്‌കാര വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാതെ നിൽക്കുന്ന തന്മയയെ വീഡിയോയിൽ കാണാം. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ചേർന്നതാണ് പുരസ്‌കാരം. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Discussion about this post